ഇന്ദിരാ സ്മരണയില്‍ ഇന്ത്യ

ബിനു സി തമ്പാന്‍

ANIPRO
ഓക്ടോബര്‍ 31, ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ കരുത്തിന്‍റെ പ്രതീകമായിരുന്ന മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്‍റെ അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദികളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിട്ടത്തിന്‍റെ തിരിച്ചടിയെന്നോണം ഇന്ദിര വെടിയേറ്റ് വീണിട്ട് കാല്‍ നൂറ്റാണ്ട് തികയാറാകുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ വിഘടനവാദവും തീവ്രവാദവും എന്നത്തെക്കാളും ശക്തമാണെന്നത് ഈ ദുരന്ത വാര്‍ഷികത്തിന്‍റെ പ്രസക്തി കൂട്ടുന്നു.

സിഖ് പുണ്യ കേന്ദ്രമായ അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഖാലിസ്ഥാന്‍ തീവ്രവാദികളെ കീഴടക്കാനായി നടന്ന ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ എന്ന സൈനിക നീക്കത്തിലുള്ള പ്രതിഷേധമായിരുന്നു ഇന്ദിരയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് കൊണ്ട് അവരുടെ അംഗരക്ഷകരായ ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും പ്രകടിപ്പിച്ചത്. കൊടും ഭീകരന്‍ ഭിന്ദ്രന്‍‌വാലയടക്കം ആയിരത്തോളം പേരായിരുന്നു1984 ജൂണ്‍ മാസത്തില്‍ നടന്ന് ബ്ലൂസ്റ്റാര്‍ ഒപ്പറേഷനില്‍ കൊല്ലപ്പെട്ടത്.

“രാജ്യ സേവനത്തിനായി ജീവന്‍ ത്യജിക്കാനും ഞാന്‍ തയാറാണ്, ഇന്നു ഞാന്‍ മരിച്ചാലും എന്‍റെ ഓരോ തുള്ളി ചോരയും രാജ്യത്തിന് ഊര്‍ജ്ജം പകരും” മരണത്തിന് തൊട്ട് തലേന്ന് നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്ദിര പറഞ്ഞ വാക്കുകളായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇന്ദിര രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കായി ചോര ചീന്തിയപ്പോള്‍ ഇന്ത്യ കണ്ടത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശീയ കലാപങ്ങളില്‍ ഒന്നായിരുന്നു. രാജ്യവ്യാപകമായി സിഖുക്കാര്‍ ആക്രമിക്കപ്പെട്ടു. ഏറെ നാളത്തെ ശ്രമഫലമായാണ് കലാപം കെട്ടടങ്ങിയത്.

ഇതിന് ശേഷം പഞ്ചാബില്‍ തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് അരങ്ങേറിയത്. തന്‍റെ ഓരോ തുള്ളി ചോരയും രാജ്യത്തിന് ഊര്‍ജ്ജം പകരുമെന്ന ഇന്ദിരയുടെ വാക്കുകള്‍ അന്വര്‍ത്ഥമായപ്പോള്‍ ഖാലിസ്ഥാന്‍ തീവ്രവാദം പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെട്ടു. ജനാധിപത്യ വേദികളിലൂടെ ഇന്ത്യന്‍ ദേശിയതയുടെ മുഖ്യധാരയില്‍ സ്ഥാനമുറപ്പിച്ച പഞ്ചാബില്‍ ഇതൊടെ വികസനത്തിന്‍റെ ഒരു പുതുയുഗ പിറവിയും കാണാനായി.

WEBDUNIA|
ഇന്ദിരാ പ്രിയദര്‍ശിനിയുടെ ഇരുപത്തിനാലാം രക്തസാക്ഷിത്വ ദിനം ആചരിക്കുമ്പോഴും ഇന്ത്യന്‍ ജനതയ്ക്ക് ഇന്ദിരയുടെ ഓര്‍മ്മകളും വാക്കുകളും പുതു ഊര്‍ജ്ജം പകര്‍ന്നു നല്‍കുകയാണ്. ഇന്ത്യ തുടര്‍ച്ചയായി ഭീകരാക്രമണങ്ങളെ നേരിടുന്നു എങ്കിലും കാശ്മീര്‍ മുതല്‍ കേരളം വരെ വ്യാപിച്ച തീവ്രവാദത്തിന്‍റെ വേരുകള്‍ പിഴുതെറിയാന്‍ ഇന്ദിരാഗാന്ധി വാക്കുകളിലൂടെ പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജം തുണയാകുമെന്ന പ്രതീക്ഷയിലാണ് ഭാരതീയര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :