Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (08:55 IST)
പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പീതാംബരനെ പൊലീസിനും മുന്നേ പ്രതിയാണെന്ന് മുദ്രകുത്തിയത് പാർട്ടി തന്നെ. സംഭവത്തിൽ പീതാംബരനു മേൽ ആരോപണം ഉയർന്ന സമയത്ത് തന്നെ സി പി എം അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ, പാർട്ടിയുടെ ഈ തിടുക്കം ഇപ്പോൾ സംശയത്തിനു ഇടയായിരിക്കുകയാണ്.
ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി പി എം അറിയിച്ചു. കേസ് പ്രാദേശിക പ്രവർത്തകരിൽ തന്നെ ഒതുങ്ങണമെന്ന ലക്ഷ്യത്തിലാണോ ഈ തിടുക്കമെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.
പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ പ്രതികരണം. കേസിൽ പീതാംബരൻ പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിക്കും മുന്നേ പീതാംബരൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന രീതിയിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദ്യമുയരുന്നു.