വെബ്‌ദുനിയ ലേഖകൻ|
Last Updated:
ശനി, 5 ഒക്‌ടോബര്‍ 2019 (17:52 IST)
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്ന
ജോളിയുടെയും മറ്റു രണ്ടുപേരുടെയും അറസ്റ്റ് ക്രൈംബ്രഞ്ച് രേഖപ്പെടുത്തി. ജോളിയുടെ സുഹൃത്ത് ജ്വല്ലറി ജീവനക്കാരനായ മാത്യു, മാത്യുവിന്റെ സുഹൃത്ത് സ്വർണപ്പണിക്കാരനായ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേർ. ഇരുവരും ചേർന്നാണ് ജോളിക്ക് സയനൈഡ് നൽകിയത് എന്ന് വ്യക്തമായതോടെയാണ് ഇവരെയും അറസ്റ്റ് ചെയ്തത്.
വടകര റൂറൽ എസ്‌പി ഓഫീസിൽ വച്ച് ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ഭർത്താവ് ഷാജു സ്കറിയയെയും പിതാവിനെയും ചോദ്യ ചെയ്ത ശേഷം ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു. കൃത്യങ്ങളിൽ തനിക്ക് പങ്കില്ല എന്ന് ഷജു വ്യക്തമാക്കിയിരുന്നു. കല്ലറ തുറന്ന് നടത്തിയ പരിശോധനയുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ജോളി കുറ്റം സമ്മതിച്ചതോടെ ഉടൻ അറസ്റ്റ് രേഖപ്പെടുത്തുന്നതാണ് നല്ലത് എന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2002 മുതൽ 2016 വരെ വർഷങ്ങളുടെ ഇടവേളയിലാണ് ഒരോരോരുത്തരെയായി കൊലപ്പെടുത്തിയത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 2002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മരിച്ചു. മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്.
കുടുംബസ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയത്. ആറ് പേരുടെ മരണത്തിലെ സമാനതയും കൂടിയായതോടെ ടോം തോമസിന്റെ മക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേളയുണ്ടായത് ബോധപൂര്‍വ്വമാണെന്നാണ് പോലീസ് കരുതുന്നത്. ഹൃദയസംബന്ധമായ അസുഖം കാരണമാണ് ആറു പേരും മരിച്ചതെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ആറ് പേരുടെയും മരണസമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെടുത്തി.