ഹൈദരാബാദ്|
jibin|
Last Modified തിങ്കള്‍, 24 ഡിസംബര്‍ 2018 (17:44 IST)
ഇതര ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിന് യുവതിയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. തെളിവു നശിപ്പിക്കാനായി മൃതദേഹം ചുട്ടുകരിച്ച് ചാരമാക്കി നദിയിലൊഴുക്കി. പിന്ദി അനുരാധ എന്ന 20കാരിയാണ് കൊലചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ സത്തേന്ന, ലക്ഷ്മി എന്നിവര്‍ അറസ്‌റ്റിലായി.
തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലെ കലമഡുഗു എന്ന സ്ഥലത്ത് ശനിയാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്.
പ്രണയത്തിലായിരുന്ന ലക്ഷ്മണും അനുരാധയും ഒരേ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ഹൈദരാബാദിലേക്ക് ഒളിച്ചോടിയ ഇവര്‍ ഈ മാസം മൂന്നിന് വിവാഹിതരായി. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിച്ച് കൊല നടന്ന ദിവസം ഇവര്‍ ഗ്രാമത്തില്‍ മടങ്ങിയെത്തി.
ലക്ഷ്മണും അനുരാധയും എത്തിയതറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും യുവാവിന്റെ വീട് ആക്രമിച്ചു. ലക്ഷ്മണിനെ മര്‍ദിച്ച് അവശനാക്കി അനുരാധയെ ബലമായി പിടിച്ചുകൊണ്ടുപോയി നാട്ടുകാരുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
അനുരാധ മരിച്ചതോടെ മൃതദേഹവുമായി നിര്‍മല്‍ ജില്ലയിലെ മല്ലാപുര്‍ ഗ്രാമത്തില്‍ എത്തി മൃതദേഹം കത്തിച്ചു.
തെളിവു നശിപ്പിക്കാനാണ് മൃതദേഹം കരിച്ച്
ചാരം നദിയിലൊഴുക്കിയത്.
ലക്ഷ്മണന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഞായറാഴ്ച്ചയാണ് യുവതി ദാരുണമായി കൊല്ലപ്പെട്ട വിവരം അറിയുന്നത്.
അനുരാധ നെയ്ത്തുകാരുടെ വിഭാഗത്തില്‍പ്പെട്ട പദ്മശാലി എന്ന വിഭാഗക്കാരിയും ലക്ഷ്മണ്‍ യാദവ വിഭാഗക്കാരനുമാണ്. ഇരു ജാതികളും ഒബിസി വിഭാഗത്തില്‍പ്പെടുന്നവയാണ്.