Last Modified തിങ്കള്‍, 14 ജനുവരി 2019 (11:48 IST)
‘ദൃശ്യം’ മോഡൽ കൊലപാതകം വീണ്ടും. ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും മൂന്നു മക്കളും ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകത്തിന് മുൻപ് ഇവർ ‘ദൃശ്യം’ സിനിമ ഒട്ടേറെ തവണ കണ്ടതായി ഡിഐജി പറഞ്ഞു.
2016 ഒക്ടോബർ 16നു മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ട്വിങ്കിൾ ഡാഗരെയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണു പിടിയിലായത്.
കൊല്ലപ്പെട്ട പെൺക്കുട്ടിക്കു ജഗദീഷുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി പ്രതികൾ വ്യക്തമാക്കി. ഇതേതുടർന്ന് ജഗദീഷിനോടൊപ്പം കഴിയണമെന്നു ട്വിങ്കിൾ വാശി പിടിച്ചതോടെ മൂന്നു മക്കളുടെയും സഹായത്താൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡിഐജി ഹരിനാരായണാചാരി മിശ്ര പറഞ്ഞു.
2016 ഒക്ടോബർ 16നു ട്വിങ്കിളിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. പിന്നീട് മൃതദേഹം മറവു ചെയ്യുകയും അതേസമയം മറ്റൊരിടത്ത് ഒരു നായയെ കുഴിച്ചിടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ആദ്യം ഈ സ്ഥലമാണു ജഗദീഷും സംഘവും ചൂണ്ടിക്കാട്ടിയത്. പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത്.
പിന്നീട് ജഗദീഷിനും രണ്ടും മക്കൾക്കും നടത്തിയ ബ്രെയിൻ ഇലക്ട്രിക്കൽ ഓക്സിലേഷൻ സിഗ്നേച്ചർ (ബിഇഒഎസ്) ടെസ്റ്റ് വഴിയാണു കുറ്റം തെളിഞ്ഞതെന്നു ഡിഐജി പറഞ്ഞു.