വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 30 മാര്‍ച്ച് 2020 (17:46 IST)
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മദ്യ വിൽപ്പന ശാലകളും ബാറുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതിനിടെ ഓൺലൈൻ വഴി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് 51,000 രൂപ നഷ്ടമായി. മുംബൈയ്ക്ക് അടുത്ത് ഖാർഗറിലാണ് സംഭവം ഉണ്ടായത്.
രാമചന്ദ്ര പാട്ടീൽ എന്നയാളാണ് ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിച്ച് വഞ്ചിക്കപ്പെട്ടത്. ലോക്‌ഡൗണിൽ മദ്യം ലഭിക്കുമോ എന്ന് ഇദ്ദേഹം ഓൺലൈൻ തിരയുകയായിരുന്നു. തുടർന്ന് ഇന്റർനെറ്റിൽനിന്നും ലഭിച്ച ഒരു നമ്പറിൽൽ വിളിച്ചു. ഇതോടെ മദ്യം വീട്ടിൽ എത്തിച്ചു നൽകാം എന്ന് രാമചന്ദ്രയ്ക്ക് ഉറപ്പ് ലഭിച്ചു.
മദ്യത്തിന്റെ പണമായ 1260 രൂപ ഓൺലൈനായി തന്നെ കൈമാറണം എന്നായിരുന്നു നിർദേശം. ഇതിന് രാമചന്ദ്ര തയ്യാറായതോടെയാണ് തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്നും ലഭിച്ച ഓടീപി നൽകാൻ ഫോണിന് മറുപുറത്തുള്ളയാൾ ആവശ്യപ്പെട്ടതോടെ രാമചന്ദ്ര ഇതും നൽകി. ഇതോടെ 1260 രൂപയ്ക്ക് പകരം 51,000 രൂപ അക്കൗണ്ടിൽനിന്നും നഷ്ടപ്പെടുകയായിരുന്നു.