അഭിറാം മനോഹർ|
Last Modified ഞായര്‍, 19 നവംബര്‍ 2023 (09:34 IST)
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ഖ്യാതിയുള്ള നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഇക്കുറി ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം നടക്കുന്നത്. 1,32,000 പേര്‍ക്ക് ഒന്നിച്ച് കളികാണാനാവുന്ന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ക്രിക്കറ്റിന്റെ ആവേശമെല്ലാം ഒപ്പിയെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരൊറ്റ മത്സരത്തിലും പരാജയപ്പെടാതെയാണ് ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ കുതിപ്പ്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടായിരുന്നു ഓസ്‌ട്രേലിയയുടെ ലോകകപ്പ് ക്യാമ്പയിന് തുടക്കമായത്.
ഈ ലോകകപ്പില്‍ നാല് മത്സരങ്ങളായിരുന്നു അഹമ്മദാബാദില്‍ നടന്നത്. ഇതില്‍ 3 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനായിരുന്നു വിജയം. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ച ഒരേ ഒരുകളിയില്‍ വിജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 286 റണ്‍സ് നേടിയ ഓസ്‌ട്രേലിയക്ക് ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിച്ചു. ഇവിടെ ലോകകപ്പില്‍ നടന്ന 4 മത്സരങ്ങളിലും സ്‌കോര്‍ 300 കടന്നിരുന്നില്ല. 251 റണ്‍സാണ് ശരാശരി. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റണ്‍സാണ് പിച്ചിലെ ഉയര്‍ന്ന സ്‌കോര്‍.
പേസിനെ തുണയ്ക്കുന്ന പിച്ചില്‍ വീണത് 58 വിക്കറ്റുകള്‍. ഇതില്‍ 35 എണ്ണവും സ്വന്തമാക്കിയത് പേസര്‍മാര്‍ തന്നെ. ആദ്യഘട്ടത്തില്‍ മാത്രം സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് പിച്ച്. ലോകകപ്പില്‍ 22 വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയ പിച്ചില്‍ 14 എണ്ണവും സംഭവിച്ചത് ആദ്യ ഇന്നിങ്ങ്‌സിലാണ്. 2011ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതേ സ്‌റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. ഇത്തവണ വിജയം ആവര്‍ത്തിച്ച് ലോകകപ്പില്‍ മുത്തമിടാനാണ്
ഇന്ത്യ കാത്തിരിക്കുന്നത്.