അന്ന് ലോകകപ്പ് നേടാൻ ദ്രാവിഡിനായില്ല, എന്നാൽ ഇന്ന് ആ നേട്ടത്തിന് തൊട്ടരികെ, ഇത്തവണ കപ്പ് നേടുമെന്ന് രോഹിത്തും

അഭിറാം മനോഹർ| Last Modified ഞായര്‍, 19 നവം‌ബര്‍ 2023 (09:21 IST)
ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ലോകകപ്പില്‍ ഇറങ്ങിയ ഇന്ത്യ ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ലോകകപ്പ് ഫൈനലില്‍ എത്തിയിരിക്കുന്നത്. 2003ല്‍ ടീമംഗമായി ഫൈനല്‍ മത്സരം കളിച്ചിരുന്നെങ്കിലും അന്ന് പരാജയമേറ്റുവാങ്ങാനായിരുന്നു ദ്രാവിഡിന്റെ വിധി. നായകനായി എത്തിയ 2007 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ദ്രാവിഡ് അപമാനിതനാവുകയും ചെയ്തിരുന്നു.

നായകനായും ടീമംഗമായും കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കാതിരുന്ന നേട്ടം ഇത്തവണ പരിശീലകനായി ദ്രാവിഡ് സ്വന്തമാക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനെ പറ്റി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നത് ഇങ്ങനെ. ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ദ്രാവിഡ്. അദ്ദേഹം കളിച്ചിരുന്ന കാലഘട്ടത്തിലെ ക്രിക്കറ്റല്ല ഇപ്പോള്‍. ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന രീതിയേയും ശൈലിയേയുമെല്ലാം ദ്രാവിഡ് അംഗീകരിക്കുന്നു.

ടി20 ലോകകപ്പില്‍ സെമിഫൈനല്‍ വരെ ടീം എത്തിയിരുന്നു. ഗംഭീരമായ പ്രകടനം തന്നെയായിരുന്നു നടത്തിയത്. ടീം പരാജയപ്പെട്ടപ്പോള്‍ എല്ലാവരും പ്രയാസപ്പെട്ടു. എന്നാല്‍ ദ്രാവിഡ് കളിക്കാര്‍ക്കൊപ്പം തന്നെ നിന്നു. രോഹിത് പറഞ്ഞു. ഇന്ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കലാശപോരാട്ടം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ന് മുകളില്‍ നേടുന്ന തരത്തിലാണ് പിച്ച് ഒരുക്കിയിരിക്കുന്നതെന്നാണ് ക്യൂറേറ്റര്‍മാര്‍ പറയുന്നത്. അതിനാല്‍ തന്നെ മത്സരത്തില്‍ ടോസ് ഏറെ നിര്‍ണായകമായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :