അഭിറം മനോഹർ|
Last Modified ചൊവ്വ, 14 നവംബര്‍ 2023 (20:16 IST)
2023ലെ ലോകകപ്പില്‍ അപരാജിതമായ കുതിപ്പ് നടത്തി സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാരും ഒരുപോലെ തിളങ്ങുന്നതിനാല്‍ തന്നെ ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ നിരയാണ് ഇന്ത്യയുടേത്. ബാറ്റര്‍മാരെല്ലാവരും തന്നെ മികച്ച പ്രകടനം നടത്തുമ്പോഴും ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമാണ്. ലോകകപ്പിലെ ഇതുവരെയുള്ള ഒരു മത്സരങ്ങളിലും ഇരുതാരങ്ങളും ഒരുപോലെ പരാജയപ്പെട്ടിട്ടില്ല.
ലോകകപ്പിലെ ഇതുവരെ പിന്നിട്ട 9 മത്സരങ്ങളില്‍ നിന്നും 594 റണ്‍സ് നേടിയ വിരാട് കോലിയാണ് റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 503 റണ്‍സുമായി രോഹിത് ശര്‍മ പട്ടികയില്‍ നാലാം സ്ഥാനത്തുമാണ്. ഇതുവരെയുള്ള മത്സരങ്ങളില്‍ ഇരുവരും ചില മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും 2 പേരും ഒരു പോലെ പരാജയമായ സാഹചര്യം ഇന്ത്യ നേരിട്ടിട്ടില്ല. അതിനാല്‍ തന്നെ ഈ താരങ്ങളുടെ സെമി ഫൈനലുകളിലെ പ്രകടനം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതാണ്. 2011,2015,2019 വര്‍ഷങ്ങളിലെ 3 സെമി ഫൈനല്‍ മത്സരങ്ങളില്‍ 9,1,1 എന്നിങ്ങനെയാണ് വിരാട് കോലിയുടെ പ്രകടനം. സെമിഫൈനലുകളില്‍ 3.66 റണ്‍സ് ശരാശരി മാത്രമാണ് വിരാട് കോലിയ്ക്കുള്ളത്.
അതേസമയം 2015,2019 സെമി ഫൈനലുകളാണ് രോഹിത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഇതില്‍ 2015ലെ സെമിയില്‍ ഓസീസിനെതിരെ 34 റണ്‍സും 2019ല്‍ ന്യൂസിലന്‍ഡിനെതിരെ ഒരു റണ്‍സും മാത്രമാണ് രോഹിത് നേടിയത്. 17.50 ആണ് സെമി ഫൈനല്‍ മത്സരങ്ങളിലെ രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി.സെമിയില്‍ പേരിനൊത്ത പെരുമയില്ല, രോഹിത്തിന്റെയും കോലിയുടെയും മുന്‍ പ്രകടനങ്ങള്‍ ആശങ്ക നല്‍കുന്നത്