ലണ്ടന്‍|
Last Modified വെള്ളി, 7 ജൂണ്‍ 2019 (15:53 IST)
ഇന്ത്യയുടെ ഇനിയുള്ള കളി പേസിനും ബൌണ്‍സിനും പേരുകേട്ട
ഓവലിലാണ്, എതിരാളി ശക്തരായ ഓസ്‌ട്രേലിയയും. മത്സരഫലം എന്താകുമെന്ന് പ്രവചിക്കുക അസാധ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നുന്ന ജയം നേടിയാണ് കോഹ്‌ലിയും സംഘവും എത്തുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഓവലിലേക്ക് മഞ്ഞപ്പട ബസ് കയറുന്നത്.
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. എന്നാല്‍, ജയം എളുപ്പമാകില്ലെന്ന മുന്നറിയിപ്പ് കോഹ്‌ലിക്ക് നല്‍കി കഴിഞ്ഞു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഓവലിലെ ബൗണ്‍സുള്ള പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ അപകടകാരികളാകും. ടീമെന്ന നിലയില്‍ കെട്ടുറപ്പോടെ കളിക്കുന്നതും അവര്‍ക്ക് നേട്ടമാണ്. ഈ വെല്ലുവിളികളാണ് കോഹ്‌ലി മറികടക്കേണ്ടതെന്ന് സച്ചിന്‍ വ്യക്തമാക്കി.
ഈ വാക്കുകള്‍ തിരിച്ചറിഞ്ഞാകണം കോഹ്‌ലി ഓവലില്‍ ഇറങ്ങേണ്ടത്. മിച്ചല്‍ സ്‌റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, നേഥൻ കോൾട്ടർനീൽ എന്നീ മൂന്ന് പേസ് ബോളര്‍മാര്‍ ഇന്ത്യക്ക് വെല്ലുവിളിയാകും. ഇവരില്‍ സ്‌റ്റാര്‍ക്കാകും കൂടുതല്‍ അപകടകാരി. സ്വിങും ബൗണ്‍സും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനറിയാം. പന്തിന് നല്ല വേഗവും ഓവലില്‍ ഉണ്ടാകും. മത്സരത്തിന് തലേദിവം മഴ പെയ്‌താല്‍ പിച്ചില്‍ ഈര്‍പ്പം നിലനില്‍ക്കും. പന്ത് സ്വിങ് ചെയ്യും, ബാറ്റ്‌സ്‌മാന് ചെവിക്കരികിലൂടെ ബൌണ്‍സറുകള്‍ പായും.
ഇന്ത്യ ഭയക്കേണ്ടതും തിരിച്ചറിയേണ്ടതും ഇതാണ്. ഓപ്പണിംഗ് ജോഡികള്‍ എത്രനേരം ക്രീസില്‍ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാകും ഇരു ടീമുകളുടെയും സ്‌കോര്‍ ഉയരുക. രോഹിത് ശര്‍മ്മ - ധവാന്‍ സഖ്യം കൂടുതല്‍ നേരം ക്രീസില്‍ നിന്നേ മതിയാകൂ. സ്വിങ് തന്നെയാകും വലയ്‌ക്കുന്ന പ്രശ്‌നം. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി പ്രകടനം രോഹിത്തിന് ആത്മവിശ്വാസം പകരും.
ഓപ്പണര്‍മാര്‍ തുടക്കത്തിലെ പുറത്തായാല്‍ മൂന്നാം നമ്പറിലെത്തുന്ന കോഹ്‌ലിയുടെയും നാലാമനായി എത്തുന്ന രാഹുലിന്റെയും പ്രകടനമാകും ഈ പോരാട്ടത്തില്‍ ടീമിന്റെ നട്ടെല്ലാവുക.
ജസ്‌പ്രിത് ബുമ്രയുടെ ആദ്യ ഓവറുകള്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. ഫിഞ്ച് - വാര്‍ണര്‍ സഖ്യത്തെ തുടക്കത്തിലെ കൂടാരം കയറ്റിയാല്‍ കോഹ്‌ലിക്ക് കാര്യങ്ങള്‍ എളുപ്പമാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിലെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. അല്ലെങ്കില്‍ ഷമിക്കായി കുല്‍ദീപ് യാദവ് പുറത്തിരിക്കണം.
രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യത വിരളമാണ്. ബാറ്റിംഗ് ഓര്‍ഡര്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെങ്കില്‍ മാത്രമേ കോഹ്‌ലി ഇങ്ങനെയൊരു തീരുമാനമെടുക്കു. അപ്പോഴും കുല്‍ദീപായിരിക്കും പുറത്തിരിക്കുക. എന്നാല്‍, വിജയിച്ച ടീമില്‍ മാറ്റം വരുമോ എന്ന കാര്യം സംശയമാണ്.