സജിത്ത്|
Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (08:46 IST)
ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയുടെ മുന്‍നായകന്‍ എം എസ് ധോണി സ്വന്തമാക്കിയത്. മുന്നൂറ് ഏകദിനം കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരം, ഏറ്റവുമധികം ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ബാറ്റ്സ്മാൻ, കുമാര്‍ സംഗക്കാരയ്ക്ക് ശേഷം ഇത്രയും മത്സരം കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നീ നേട്ടങ്ങളും ധോണി സ്വന്തമാക്കി.
ആറാം വിക്കറ്റില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് മനീഷ് പാണ്ഡെയോടൊപ്പം 101 റണ്‍സിന്റെ കൂട്ടുകെട്ടും ധോണി സൃഷ്ടിച്ചു. മാത്രമല്ല ലങ്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തുന്നതിലും ധോണിയുടെ പ്രശസ്തമായ ഡിആര്‍എസ് ഇടപെടലും ശ്രദ്ധേയമായി. ആദ്യ ഏകദിനം കളിക്കാനിറങ്ങിയ ഷര്‍ദുളിന്റെ പന്ത് നിരോഷന്‍ ഡിക്‌വെല്ലയെ മറികടന്ന് ധോണിയുടെ കൈകളില്‍ എത്തി. അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ആ വിക്കറ്റ് നിഷേധിച്ചു.
എന്നാല്‍ പന്ത് ബാറ്റില്‍ ഉരസിയത് താന്‍ കേട്ടതാണെന്ന് ധോണി കോഹ്ലിയ്ക്ക് ആംഗ്യത്തിലൂടെ കാണിച്ചുകൊടുത്തു. തുടര്‍ന്ന് ഡിആര്‍എസ് അപ്പീല്‍ ചെയ്യണോ എന്ന കോഹ്‌ലിയുടെ ആംഗ്യത്തിലൂടെയുള്ള ചോദ്യത്തിന് മുന്നോട്ട് പോകാനായിരുന്നു ധോണി നല്‍കിയ നിര്‍ദേശം. തുടര്‍ന്ന് റിവ്യൂ വന്നപ്പോള്‍ ഡിക്‌വെല്ല ഔട്ട്. ഷര്‍ദുളിന് തന്റെ ആദ്യ വിക്കറ്റും.