ഹരാരെ|
jibin|
Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (10:22 IST)
ചരിത്രം വീണ്ടും തിരുത്തിയെഴുതി സിംബാബ്‌വെ. മുന്‍ ഏകദിന ലോക ചാമ്പ്യന്മാരും ഏകദിന ക്രിക്കറ്റിലെ ശക്തരുമായ ഓസ്ട്രേലിയയെ അട്ടിമറിച്ചു കൊണ്ടാണ് ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ ചരിത്രം രചിച്ചത്.
ഹരാരെയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ മൂന്ന് വിക്കറ്റിനാണ് സിംബാബ്‌വെ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ആദ്യം ടോസ് നേടി ബാറ്റ് ചെയ്ത ഓസീസിന് 50 ഓവറിൽ 209/9 എന്ന സ്കോറിലെത്താനേ കഴിഞ്ഞിരുന്നുള്ളൂ. ഓസീസിനെ പിടിച്ചു നിര്‍ത്താന്‍ ഉതുകുന്ന തരത്തിലുള്ള ബൌളിംഗായിരുന്നു സിംബാബ്‌വെ നടത്തിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 48 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പോസ്പർ ഉസേയ, തിരിതാനോ, സീൻവില്യംസ് എന്നിവർ ചേർന്നാണ് ഓസീസ് ബാറ്റിംഗിന് മൂക്കുകയറിട്ടത്. നായകൻ മൈക്കേൽ ക്ളാർക്ക് (68 നോട്ടൗട്ട്), വിക്കറ്റ് കീപ്പർ ബ്രാഡ്ഹാഡിൻ (49), വാലറ്റക്കാരൻ കട്ടിംഗ് എന്നിവർക്ക് മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ജയിക്കാനുന്നുറച്ച് ബാറ്റ് ചെയ്യുകയായിരുന്നു. സിക്കന്ദർ റാസ (22), ബ്രണ്ടൻ ടെയ്‌ലർ (32), ക്യാപ്ടൻ എൽട്ടൺ ചിഗുംബുര (52 നോട്ടൗട്ട്), ഉഡേയ (30 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് സിംബാബ്‌വെ തുണച്ചത്.
31 വര്‍ഷത്തിനുശേഷമാണ് സിംബാബ്‌വെ മുന്‍ ലോക ചാമ്പ്യന്മാരായ ഓസീസിനെ കീഴടക്കുന്നത്. 1983-ലെ ലോകകപ്പിലായിരുന്നു സിംബാബ്‌വെ ഇതിനുമുമ്പ് ഓസീസിനെ തോല്‍പ്പിച്ചത്. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വെയുടെ അരങ്ങേറ്റ മത്സരമായിരുന്നു അത്. 1983 ജൂണ്‍ ഒന്‍പതിന് നടന്ന ഈ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്നത്തെ ഇന്ത്യന്‍ ടീം കോച്ച് ഡങ്കന്‍ ഫ്‌ലെച്ചറുടെ നേതൃത്വത്തിലുള്ള സിംബാബ്‌വെയുടെ ജയം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.