അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (15:09 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോനിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്രാജ് സിങ്. തന്റെ മകന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചത് ധോനിയാണെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യോഗ്രാജ് പറഞ്ഞു. ധോനിക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ തനിക്കാവില്ലെന്നും യോഗ്രാജ് വ്യക്തമാക്കി.
ഞാന്‍ ധോനിക്ക് ഒരിക്കലും മാപ്പ് നല്‍കില്ല. ധോനി തന്റെ മുഖം കണ്ണാടിയില്‍ നോക്കണം. ധോനി വലിയ ക്രിക്കറ്റ് താരമാണ്. എന്നാല്‍ എന്താണ് എന്റെ മകനോട് ചെയ്തത്?, അത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത കാര്യമാണ്. എന്നോട് മോശം കാര്യങ്ങള്‍ ചെയ്ത ആര്‍ക്കും ഞാന്‍ മാപ്പ് നല്‍കില്ല. അത് മക്കളായാലും കുടുംബാംഗങ്ങളായാലും അങ്ങനെ തന്നെയാണ്. യോഗ്രാജ് സിങ് പറഞ്ഞു.
ഇതാദ്യമായല്ല യുവരാജിന്റെ പിതാവ് ധോനിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വരുന്നത്. ഈ വര്‍ഷം ആദ്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയപ്പോള്‍ അതിന് കാരണക്കാരന്‍ ധോനിയാണെന്ന് യോഗ്രാജ് സിങ് പറഞ്ഞിരുന്നു. ധോനിക്ക് യുവരാജിനോട് അസൂയയാണെന്നും യോഗ്രാജ് പല തവണ പറഞ്ഞിരുന്നു. കാന്‍സറിനെതിരെ പടവെട്ടി ഇന്ത്യയ്ക്കായി ലോകകപ്പ് നേടികൊടുത്ത യുവരാജ് സിങ്ങിന് രാജ്യം ഭാരതരത്‌ന സമ്മാനിക്കണമെന്നും യോഗ്രാജ് സിങ് ആവശ്യപ്പെട്ടിരുന്നു. 2011ല്‍ ഇന്ത്യ 28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പില്‍ മുത്തമിടുമ്പോള്‍ 362 റണ്‍സും 15 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ താരമായി മാറിയത് യുവരാജ് സിങ്ങായിരുന്നു.