‘ഒരു ദിവസം കൊണ്ട് ഉദിച്ചുയർന്ന താരമല്ല ധോണി, കോഹ്‌ലിയും ശാസ്‌ത്രിയും പന്തുമായി സംസാരിക്കണം’; യുവരാജ്

  yuvraj singh , rishabh pant , team india , ravi shastri , ഋഷഭ് പന്ത് , യുവരാജ് സിംഗ് , കോഹ്‌ലി , സഞ്ജു
മുംബൈ| മെര്‍ലിന്‍ സാമുവല്‍| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (12:27 IST)
അവസരങ്ങള്‍ നിരവധി ലഭിച്ചിട്ടും നിരാശ മാത്രം സമ്മാനിക്കുന്ന ഋഷഭ് പന്തിനെതിരെ വിമര്‍ശനം ശക്തമാണ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും അടക്കമുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു കഴിഞ്ഞു.

മോശം പ്രകടനം തുടര്‍ന്നാല്‍ പന്തിന് പകരം സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യ സെലക്‍ടര്‍ എം എസ് കെ പ്രസാദ് അടക്കമുള്ളവര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടെ പന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് രംഗത്തു വന്നു.

കോഹ്‌ലിയും ശാസ്‌ത്രിയും പന്തുമായി സംസാരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും
നൽകണമെന്ന് യുവി പറഞ്ഞു.

“പ്രതിഭയുള്ള താരമാണ് പന്ത്. നാലാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനും. എന്നാല്‍, എന്തു കൊണ്ടാണ് ഇത്രയും വിമര്‍ശനം ഉയരുന്നതെന്ന് എനിക്കറിയില്ല. മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരന്‍ എന്നതാണ് കാരണമെങ്കില്‍ താരത്തിന് ഇനിയും സമയം നല്‍കണം. ഒരു ദിവസം കൊണ്ട് ഉദിച്ചുയർന്ന താരമല്ല ധോണി”

വിദേശത്ത് രണ്ട് ടെസ്‌റ്റ് സെഞ്ചുറി നേടിയ താരമാണ് പന്ത് എന്ന കാര്യം മറക്കരുത്. വളരെയധികം പ്രതിഭാധനനായ താരമാണയാൾ. ഫോം നഷ്ടമാകുന്ന താരങ്ങളെ മാനസികമായിക്കൂടി ഉത്തേജിപ്പിക്കേണ്ടതുണ്ട്. തുടർച്ചയായ വിമർശനങ്ങൾ മോശം ഫലമേ നൽകൂ എന്നും യുവി പറഞ്ഞു.

ആവശ്യത്തിലധികം വിമര്‍ശനങ്ങളാണ് പന്ത് നേരിടുന്നത്. മാനസികമായി തകര്‍ത്ത് ഒരു താരത്തെ തളര്‍ത്താനാണ് ശ്രമമെങ്കില്‍ അതുകൊണ്ട് ഒന്നും നേടാന്‍ സാധിക്കില്ല. കൂടുതല്‍ മത്സര പരിചയമാണ് വേണ്ടതെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങാന്‍ പന്തിനോട് പറയണമെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :