Yashasvi Jaiswal vs Sam Konstas: 'നീ നിന്റെ പണി നോക്ക്'; ചൊറിയാന്‍ വന്ന കോണ്‍സ്റ്റാസിനു 'പെട' കൊടുത്ത് ജയ്‌സ്വാള്‍ (വീഡിയോ)

ജയ്‌സ്വാള്‍ ബാറ്റ് ചെയ്യുന്നതിനിടെ സില്ലി പോയിന്റില്‍ നിന്ന് തുടര്‍ച്ചയായി സംസാരിക്കുകയായിരുന്നു കോണ്‍സ്റ്റാസ്

Yashaswi Jaiswal vs Sam Konstas
രേണുക വേണു| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (11:41 IST)
Yashaswi Jaiswal vs Sam Konstas

Yashasvi Jaiswal vs Sam Konstas: ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ സ്ലെഡ്ജ് ചെയ്ത് ഓസ്‌ട്രേലിയയുടെ യുവതാരം സാം കോണ്‍സ്റ്റാസ്. ജയ്‌സ്വാള്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോണ്‍സ്റ്റാസ് ചൊറിഞ്ഞത്. സ്ലെഡ്ജ് ചെയ്തു ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയായിരുന്നു ഓസ്‌ട്രേലിയയുടെ പദ്ധതി. അതിനായി സില്ലി പോയിന്റില്‍ (ബാറ്റര്‍ക്കു തൊട്ടരികില്‍) ഫീല്‍ഡിങ്ങിനായി നിയോഗിച്ചത് സാം കോണ്‍സ്റ്റാസിനെയാണ്.

ജയ്‌സ്വാള്‍ ബാറ്റ് ചെയ്യുന്നതിനിടെ സില്ലി പോയിന്റില്‍ നിന്ന് തുടര്‍ച്ചയായി സംസാരിക്കുകയായിരുന്നു കോണ്‍സ്റ്റാസ്. ദേഷ്യം വന്ന ജയ്‌സ്വാള്‍ 'നീ നിന്റെ പണി നോക്ക്' എന്ന് കോണ്‍സ്റ്റാസിനോടു പറയുന്നത് സ്റ്റംപ്‌സ് മൈക്കിലൂടെ കേള്‍ക്കാം. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്ത് ഇടപെടാന്‍ വന്നപ്പോള്‍ 'ഇവന്‍ എന്തിനാണ് സംസാരിക്കുന്നത്?' എന്ന് ജയ്‌സ്വാള്‍ കോണ്‍സ്റ്റാസിനെ ചൂണ്ടിക്കാണിച്ചു ചോദിക്കുന്നു.

തൊട്ടുപിന്നാലെ ജയ്‌സ്വാള്‍ ബാറ്റ് കൊണ്ടും കോണ്‍സ്റ്റാസിനു മറുപടി നല്‍കി. സില്ലി പോയിന്റില്‍ നില്‍ക്കുന്ന ഓസീസ് യുവതാരത്തെ ലക്ഷ്യമിട്ട് ഷോട്ട് കളിക്കുകയായിരുന്നു ജയ്‌സ്വാള്‍. പന്ത് കോണ്‍സ്റ്റാസിന്റെ ദേഹത്ത് തട്ടുകയും ചെയ്തു.
അതേസമയം മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് ജയ്‌സ്വാള്‍ ആണ്. ഒന്നാം ഇന്നിങ്‌സില്‍ 118 പന്തില്‍ നിന്ന് 82 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 208 പന്തില്‍ 84 റണ്‍സും ജയ്‌സ്വാള്‍ നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :