അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (15:59 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാള്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മറികടന്ന് റാങ്കിംഗില്‍ 12മത് സ്ഥാനത്താണ് ജയ്‌സ്വാള്‍. ഒരു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് റാങ്കിംഗില്‍ പതിമൂന്നാം സ്ഥാനത്താണ്.
ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി മാത്രമാണ് നിലവില്‍ റാങ്കിംഗില്‍ ജയ്‌സ്വാളിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന കോലി രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ രണ്ടാമത്. കെയ്ന്‍ വില്യംസണാണ് നിലവില്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റര്‍.