അഭിറാം മനോഹർ|
Last Modified വെള്ളി, 14 ജൂലൈ 2023 (12:50 IST)
വെസ്റ്റിന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി കുറിച്ചതോടെ അപൂര്‍വനേട്ടം സ്വന്തമാക്കി യുവ ഓപ്പണിങ്ങ് താരം യശ്വസി ജയ്‌സ്വാള്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പതിനേഴാമത്തെ ഇന്ത്യന്‍ താരവും മൂന്നാമത്തെ മാത്രം ഓപ്പണിങ്ങ് താരവുമാണ് ജയ്‌സ്വാള്‍. ശിഖര്‍ ധവാനും പൃഥ്വി ഷായുമാണ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ബാറ്റര്‍മാര്‍.
ഇത് കൂടാതെ വിദേശത്ത് നടക്കുന്ന അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്ററും ആദ്യ ഇന്ത്യന്‍ ഓപ്പണറുമെന്ന നേട്ടം കൂടി ജയ്‌സ്വാള്‍ ഇന്നലെ സ്വന്തമാക്കി. അബ്ബാസ് അലി ബാഗ്(1959), സുരീന്ദര്‍ അമര്‍നാഥ്(1976),പ്രവീണ്‍ ആമ്‌റെ(1992),സൗരവ് ഗാംഗുലി(1996).വിരേന്ദര്‍ സെവാഗ്(2001),സുരേഷ് റെയ്‌ന(2010) എന്നിവരാണ് വിദേശത്ത് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. റെയ്‌ന വിദേശത്ത് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.
അതേസമയം മൂന്നാം ദിവസം കളി പുരോഗമിക്കുമ്പോല്‍ മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി യശ്വസിക്ക് മുന്നിലുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ 187 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ യശ്വസിക്ക് സാധിക്കുകയാണെങ്കില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും യശ്വസിയുടെ പേരിലാകും. ഓസീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ 187 റണ്‍സടിച്ച ശിഖര്‍ ധവാന്റെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്.