ബിസിസിഐ സമ്മാനതുകയില്‍ സഞ്ജുവിന് കിട്ടുക 5 കോടി, ദ്രാവിഡിന് അതിന്റെ പകുതി മാത്രം!

Indian Team, Worldcup
Indian Team, Worldcup
അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ജൂലൈ 2024 (14:25 IST)
ഇന്ത്യയുടെ 13 വര്‍ഷക്കാലത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് 125 കോടി രൂപയുടെ സമ്മാനതുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ലോകകപ്പില്‍ ടീമിനായി കളിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ലോകകപ്പ് ടീമിന്റെ ഭാഗമായതിനാല്‍ സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ഈ തുക ലഭിക്കും. കൂടാതെ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടുന്ന സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് അടക്കമാണ് ഈ സമ്മാനതുക.

ലോകകപ്പ് വിജയാഘോഷചടങ്ങില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ടീമിന് കൈമാറിയത്. സ്‌ക്വാഡില്‍ ഉള്‍പ്പട്ടെ 15 താരങ്ങള്‍ക്കും 5 കോടി രൂപ വീതമാണ് ഇതില്‍ നിന്നും ലഭിക്കുക. രാഹുല്‍ ദ്രാവിഡ് അടങ്ങുന്ന പരിശീലകസംഘത്തിന് ലഭിക്കുക 2.5 കോടി രൂപ വീതമാണ്. ഇതിന് പുറമെ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ഒരു കോടി രൂപ വീതം ലഭിക്കും. അഗാര്‍ക്കര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ഇവരെ കൂടാതെ ടീമുലുള്ള 3 ഫിസിയോതെറാപ്പിസ്റ്റുകള്‍,3 ത്രോഡോണ്‍ സ്‌പെഷ്യലിസ്റ്റുകള്‍,2 മസാജര്‍മാര്‍,സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷണര്‍ കോച്ച് എന്നിവര്‍ക്ക് 2 കോടി രൂപ വീതവും ലഭിക്കും.


ആകെ 42 പേരായിരുന്നു ലോകകപ്പിനായുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ടീമിന്റെ വീഡിയോ അനലിസ്റ്റ്,മീഡിയ ഓഫീസര്‍മാര്‍ ഉള്‍പ്പടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും പ്രത്യേക പാരിതോഷികം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :