ന്യൂസിലൻഡിനെതിരായ ദയനീയ പരാജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് നില ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2020 (10:51 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ന്യൂസിലൻഡിനെതിരായ കൈവിട്ടതിന്റെ നിരാശയിലാണ് ഇന്ത്യ. പരമ്പരയിൽ ന്യൂസിലൻഡിനെതിരായ തോ‌ൽവി ഇന്ത്യയുടെ ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനത്തിന്ന് ഇളക്കം ഒന്നും തട്ടിയിട്ടില്ല. ഒമ്പത് ടെസ്റ്റിൽ ഏഴ് ജയവും രണ്ട് തോൽവിയുമായി ഇന്ത്യ 360 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ. 296 പോയിന്റുകളുമായി ഓസ്ട്രേലിയയാണ് ഇന്ത്യക്ക് പിന്നിൽ രണ്ടാമതുള്ളത്.

എന്നാൽ ഇന്ത്യക്കെതിരായ പരമ്പര വിജയത്തോടെ പട്ടികയിൽ 60 പോയിന്റുകൾ മാത്രമായി ആറാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലൻഡ് 180 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ 120 പോയിന്റുകളാണ് കിവീസ് സ്വന്തമാക്കിയത്.പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയുമാണ് ന്യൂസിലൻഡ് മറികടന്നത്.

നിലവിൽ 146 പോയിന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം മോശം പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക 24 പോയിന്റുകളുമായി ഏഴാം സ്ഥാനത്ത് തുടരുമ്പോൾ ഒരു പോയന്റും നേടാത്ത വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രകാരം ഒരു ടീമിന് 120 പോയിന്റുകളാണ് ഒരു പരമ്പരയിൽ നിന്നും പരമാവധി നേടാനാവുക.രണ്ട് മത്സര പരമ്പരയാണെങ്കില്‍ ഓരോ വിജയത്തിനും 60 പോയിന്റ് വീതവൗം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണെങ്കിൽ ഒരോ വിജയത്തിനും 24 പോയിന്റുമാണ് ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :