ലണ്ടന്‍|
Last Modified ശനി, 8 ജൂണ്‍ 2019 (15:14 IST)
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം മഴയില്‍ മുങ്ങുമെന്ന് റിപ്പോര്‍ട്ട്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്‌ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഓവലില്‍ ഇപ്പോഴും മഴയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് നിലവിലുള്ളത്. ശനിയാഴ്‌ച വൈകിട്ട് വരെയുള്ള കാലാവസ്ഥ നിര്‍ണായകമാണ്. മത്സരദിവസം ചെറിയ തോതിലുള്ള മഴയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഞായറാഴ്ച ഓവലില്‍ ഈയാഴ്ചത്തെ കൂടിയ താപനിലയായ 19 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് പ്രവചനം. ലണ്ടനില്‍ എത്തിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വെള്ളിയാഴ്‌ച ആദ്യ പരിശീലനം നടത്താനായില്ല.
മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍.
ഓസ്‌ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്‌ചയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. മഴ ശക്തമായാല്‍ ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.
പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ മഴ ആയതിനാല്‍ പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചു. ഗ്രൌണ്ട് മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം 8.15 ഓടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.