വനിത ക്രിക്കറ്റ് ടി20 ലോകകപ്പ് ഫൈനൽ ഉച്ചയ്‌ക്ക് 12:30 മുതൽ, വനിതാദിനത്തിൽ ചരിത്രം രചിക്കാൻ ഇന്ത്യൻ സംഘം

അഭിറാം മനോഹർ| Last Modified ഞായര്‍, 8 മാര്‍ച്ച് 2020 (10:28 IST)
വനിതകളുടെ ട്വെന്റി ട്വെന്റി ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ആതിഥേയരായ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയമുച്ചയ്‌ക്ക് 12:30 മുതൽ തുടങ്ങുന്ന മത്സരം ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. കന്നി കിരീടനേട്ടം സ്വന്തമാക്കാനായി ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുമ്പോൾ അഞ്ചാം കിരീടനേട്ടത്തിനായാണ് ഓസീസ് ഇന്ന് കളത്തിലിറങ്ങുന്നത്. ഓസീസ് ടീമിന്റെ ആറാം മത്സരം കൂടിയാണിത്.

ഹർമൻ പ്രീത് കൗറിന്റെ നായകത്വത്തിന് കീഴിൽ കളിക്കാനിറങ്ങുന്ന ഇന്ത്യ ഇതുവരെ ഒരൊറ്റ മത്സരം പോലും ടൂർണമെന്റിൽ പരാജയപ്പെട്ടിട്ടില്ല.ഓസ്ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ട് തുടങ്ങിയ ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങളിൽ ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തോല്‍പ്പിച്ചു. എന്നാല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ ഗ്രൂപ്പ് മത്സരങ്ങളിലെ വിജയങ്ങളുടെ ആനുകൂല്യത്തിലൂടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

മറുവശത്ത് മെഗ് ലാനിങ് നയിക്കുന്ന ഓസീസ് ശ്രീലങ്ക, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളെ ഗ്രൂപ്പ് മത്സരത്തിൽ തോൽപ്പിചൽപ്പോൾ ഇന്ത്യക്കെതിരെ പരാജയം രുചിച്ചു. സെമിയിൽ മഴ തടസ്സപ്പെടുത്തിയെങ്കിലും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഓസീസ് ഫൈനലിൽ കടന്നത്. വലിയ ടൂർണമെന്റുകളിൽ ഓസീസ് കാഴ്ച്ചവെക്കുന്ന മികച്ച പ്രകടനവും ആതിഥേയരെന്ന ആനുകൂല്യവും ഓസീസിന് ചെറിയ മേൽക്കൈ നൽകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :