രേണുക വേണു|
Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (09:39 IST)
നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ വനിത ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍. മഴ തടസം നിന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് മഴ പെയ്തത്. പിന്നീട് ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഒടുവില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. 56 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 87 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 155 റണ്‍സ് നേടിയത്.