പന്തിനെ ആര് ‘വെട്ടും’, കോഹ്‌ലിയോ ശാസ്‌ത്രിയോ ?; എല്ലാ കണ്ണും സഞ്ജുവിലേക്ക്!

   sanju v samson , team india , cricket , dhoni , pant , kohli , മഹേന്ദ്ര സിംഗ് ധോണി , ഐസിസി , ഋഷഭ് പന്ത് , ബി സി സി ഐ , സഞ്ജു വി സാംസണ്‍
മുംബൈ| Last Updated: ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (15:26 IST)
രണ്ട് ലോകകപ്പും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ടീമിന് നേടിക്കൊടുത്ത മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന് ഒരു പിന്‍‌ഗാമിയെ തേടുകയെന്നതിനേക്കാള്‍ വലിയൊരു മണ്ടത്തരം മറ്റൊന്നുണ്ടാകില്ല. വിക്കറ്റിന് പിന്നില്‍ നിന്ന് കളി നിയന്ത്രിക്കുന്ന ധോണിയെ പോലെ മറ്റൊരു താരവും ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാകില്ല.

മുന്‍ നായകന്‍ വിരമിക്കലിന്റെ പടിവാതിക്കലില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനാവശ്യം ധോണിക്ക് പകരക്കാരനായുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനെ മാത്രമാണ്. ബി സി സി ഐയും സെലക്‍ടര്‍മാരും കണ്ടെത്തിയതാകട്ടെ ഋഷഭ് പന്ത് എന്ന യുവതാരത്തെ. ഐ പി എല്‍ ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് പന്തിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

പ്രതീക്ഷകള്‍ വാനോളമുണ്ടായിരുന്നുവെങ്കിലും അതെല്ലാം കാറ്റില്‍ പറത്തുകയാണ് പന്ത്. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയിലും വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുന്ന യുവതാരത്തെ ആരാധകര്‍ കണ്ടു. പിന്നാലെ വന്ന വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ഋഷഭ് നിരാശപ്പെടുത്തി.

ഇതോടെ പന്തിനെതിരെ വടിയെത്തത് മറ്റാരുമല്ല ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയുമാണ്. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനായി ടീമിനെ ഉടച്ചു വാര്‍ക്കുന്നതിനിടെയാണ്
പന്തിനെതിരെ വിമര്‍ശനം ശക്തമായത്.

വിക്കറ്റ് വലിച്ചെറിയുന്ന ഋഷഭിന്റെ ഈ ബാറ്റിംഗ് ശൈലി ഇനിയും അംഗീകരിക്കാനാകില്ലെന്ന് ശാസ്‌ത്രി തുറന്നടിച്ചപ്പോള്‍ സാഹചര്യങ്ങള്‍ പഠിച്ച് ബാറ്റ് ചെയ്യാന്‍ പന്ത് തയ്യാറാകണമെന്നാണ് ക്യാപ്‌റ്റന്‍ പരസ്യമായി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പര പന്തിന്റെ കരിയറിനെ തന്നെ ബാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. മികച്ച ഒരു പ്രകടനം സാധ്യമായില്ലെങ്കില്‍ യുവതാരം ടീമിന് പുറത്താകും. നിഗമനങ്ങളിലും റിപ്പോര്‍ട്ടുകളിലും മാറ്റം വന്നില്ലെങ്കില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ കുപ്പയമണിയും.

ഇന്ത്യൻ ടീം ചീഫ് സിലക്ടർ എംഎസ് കെ പ്രസാദ് ഉൾപ്പെടെയുള്ളവർക്കു മുന്നില്‍ സഞ്ജു പുറത്തെടുത്ത ബാറ്റിംഗ് പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സ്വന്തം നാട്ടിൽ നടന്ന ഏകദിന പരമ്പരയില്‍
48 പന്തുകളിൽ നിന്ന് അടിച്ചു കൂട്ടിയ 91 റണ്‍സ് താരത്തിന്റെ തലവര മാറ്റിമറിച്ചു. കാര്യവട്ടത്തെ വലിയ ഗ്രൗണ്ടിൽ സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത് ഏഴ് സിക്സുകളും, ആറ് ഫോറുകളും ആണെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

പന്ത് മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ ഇനിയും സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കാന്‍ സെലക്‍ടര്‍മാര്‍ക്കാകില്ല. പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരാണ് ഇപ്പോൾ ബിസിസിഐയുടെ പരിഗണനയിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍.

ധോണിയുടെ പിന്‍ഗാമിയായി ഞാന്‍ കാണുന്നത് പന്തിനെയല്ല. അതിന് യോജിച്ച താരം സഞ്ജുവിനെ ആണെന്ന ഗൗതം ഗംഭീറിന്റെ പ്രസ്‌താവനയും അതിനെ പിന്തുണയ്‌ക്കുന്ന ഹര്‍ഭജന്‍ സിംഗിന്റെ നിലപാടും മറ്റ് താരങ്ങളും ഏറ്റു പിടിക്കുകയാണ്. പ്രതീക്ഷകള്‍ മറിച്ചായില്ലെങ്കില്‍ ആരാധകര്‍ക്ക് നീല ജേഴ്‌സിയില്‍ സഞ്ജുവിനെ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :