പാകിസ്ഥാനെതിരെ കളിക്കേണ്ടെന്ന് കേന്ദ്രമന്ത്രി; എന്തിനും റെഡിയെന്ന് ബിസിസിഐ - ചങ്ക് തകര്‍ന്ന് ഐസിസി

 india pakistan match , ICC , BCCI , pulwama attack , ബിസിസിഐ , പുല്‍വാമ , പാകിസ്ഥാന്‍ , ഇന്ത്യ , ഐസിസി
ന്യൂഡൽഹി| Last Modified ബുധന്‍, 20 ഫെബ്രുവരി 2019 (15:49 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ സമാന തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) നീങ്ങുന്നതായി റിപ്പോര്‍ട്ട്.

കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ പാകിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറുമെന്ന് ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്‌തു. കുറച്ചുകൂടി കഴിഞ്ഞേ വിഷയത്തില്‍ വ്യക്തത വരുത്തു എന്നും മൽസരത്തിൽനിന്നു പിൻമാറിയാൽ പാകിസ്ഥാന് വെറുതേ രണ്ടു പോയിന്റ് ലഭിക്കുമെന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്ഥാനെതിരെ കളിക്കണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാവത്ത സാഹചര്യത്തില്‍ എന്തിന് ക്രിക്കറ്റ് കളിക്കണമെന്ന് അദ്ദേഹം ചോദിച്ചു.

മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. നിലവിലെസാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 27 മുതൽ ദുബായിൽ ഐസിസിയുടെ യോഗം നടക്കും. – പാകിസ്ഥാൻ മൽസരത്തിന്റെ കാര്യം അവിടെ ചർച്ചയ്‌ക്ക് വരും. സിഇഒ രാഹുൽ ജോഹ്റി, സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാകും യോഗത്തിൽ ബിസിസിഐയെ പ്രതിനിധീകരിക്കുക.

ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ഇന്ത്യ – പാകിസ്ഥാൻ മൽസരം നടക്കേണ്ടത്. ബിസിസിഐ കടുത്ത നിലപാട് സ്വീകരിച്ചാല്‍ വന്‍ സാമ്പത്തിക നഷ്‌ടമാകും ഐ സി സിക്ക് ഉണ്ടാകുക. ലോകകപ്പിന് മൂന്ന് മാസങ്ങള്‍ കൂടി അവശേഷിക്കുന്നതിനാല്‍ സാഹചര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :