കപ്പടിച്ചിട്ടും കാര്യമില്ല, ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കില്ല

അഭിറാം മനോഹർ| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (14:32 IST)
ഏഷ്യാകപ്പില്‍ 2010ന് ശേഷം ആദ്യമായി ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ ഏറ്റുമുട്ടാന്‍ പോകുകയാണ്. ടീം കരുത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും പ്രധാനമത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കന്‍ നിരയ്ക്ക് സാധിക്കും. സൂപ്പര്‍ ഫോറില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ശക്തമായ പോരാട്ടമാണ് നടന്നത്.

പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് നിന്ന് താഴെ വീണതോടെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാം സ്ഥാനമാകാനുള്ള അവസരമാണ് ഇന്ത്യ നഷ്ടമാക്കിയത്. ഇന്ന് നടക്കുന്ന ഏഷ്യാകപ്പ് ഫൈനലില്‍ വിജയിക്കാനായാലും ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല.

ലോകകപ്പിന് മുന്‍പായി ഓസ്‌ട്രേലിയക്കെതിരായ 3 ഏകദിനമത്സരങ്ങളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ അവസാനമായി കളിക്കുന്നത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിക്കാനായാല്‍ ഐസിസി റാങ്കിംഗിന്റെ തലപ്പത്തെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. എന്നാല്‍ ശക്തമായ ഓസീസ് നിരയുമായുള്ള മത്സരം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകും. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് വിജയിക്കുകയും ഏഷ്യാകപ്പ് ഫൈനല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഏകദിന റാങ്കിംഗിലും ഒന്നാമതെത്താമായിരുന്നു. എന്നാല്‍ ബംഗ്ലാദേശുമായുള്ള അപ്രതീക്ഷിതമായ തോല്‍വി ഈ അവസരം നശിപ്പിക്കുകയായിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പില്‍ ബംഗ്ലാദേശുമായി തോല്‍ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :