അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 ജൂണ്‍ 2024 (12:39 IST)
Nicholas Pooran, Worldcup
ടി20 ലോകകപ്പില്‍ അഫ്ഗാന്റെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് ആതിഥേയരായ വെസ്റ്റിന്‍ഡീസ്. ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള അവസാന മത്സരത്തില്‍ 104 റണ്‍സിനാണ് വെസ്റ്റിന്‍ഡെ വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിക്കോളാസ് പുറാന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ ബലത്തില്‍ 20 ഓവറില്‍ 218 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്റെ പോരാട്ടം 16.2 ഓവറില്‍ 114 റണ്‍സിന് അവസാനിച്ചു. വിന്‍ഡീസിനായി 53 പന്തില്‍ 98 റണ്‍സടിച്ച നിക്കോളാസ് പുറാനാണ് കളിയിലെ താരം.
വിജയത്തോടെ സി ഗ്രൂപ്പില്‍ 8 പോയന്റുമായി വിന്‍ഡീസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ടൂര്‍ണമെന്റില്‍ ഇതുവരെയും ബൗളര്‍മാരുടെ കരുത്തില്‍ മുന്നേറിയ അഫ്ഗാന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രകടനമണ് മത്സരത്തില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ പുറത്തെടുത്തത്. 53 പന്തില്‍ 6 ഫോറും 8 സിക്‌സും സഹിതം 98 റണ്‍സാണ് നിക്കോളാസ് പുറാന്‍ സ്വന്തമാക്കിയത്. സെഞ്ചുറിക്കായുള്ള ഓട്ടത്തിനിടെ ഇന്നിങ്ങ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ പുറാന്‍ റണ്ണൗട്ടാവുകയായിരുന്നു.
അഫ്ഗാന്റെ സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാനെ ഉള്‍പ്പടെ പഞ്ഞിക്കിട്ടാണ് പുറാന്റെ 98 റണ്‍സ് പ്രകടനം. വിന്‍ഡീസിനായി ജോണ്‍സണ്‍ ചാള്‍സ് (27 പന്തില്‍ 43), ഷായ് ഹോപ്പ്(17 പന്തില്‍ 25) റോവ്മന്‍ പവല്‍ (15 പന്തില്‍ 26) റണ്‍സുമായി തിളങ്ങി. 38 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനും 23 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായിയുമാണ് അഫ്ഗാന്‍ നിരയിലേ ടോപ് സ്‌കോറര്‍മാര്‍. വിന്‍ഡീസിനായി ഒബേദ് മക്കോയ് 14 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ മോട്ടി 28 റണ്‍സിനും അക്കീല്‍ ഹുസൈന്‍ 21 റണ്‍സിനും 2 വിക്കറ്റ് വീതം നേടി.