അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ജൂണ്‍ 2024 (11:16 IST)
സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ലോകകപ്പ് ക്യാമ്പയിന്‍ അവസാനിപ്പിച്ച് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ 7 പന്തുകള്‍ ശേഷിക്കെയാണ് പാകിസ്ഥാന്‍ മറികടന്നത്. മൂന്നാമനായി ഇറങ്ങി 34 പന്തില്‍ നിന്നും 32 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ ബാബര്‍ അസമാണ് പാകിസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.
അയര്‍ലന്‍ഡ് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ 23 റണ്‍സെടുത്തതോടെ അനായാസകരമായ മത്സരമാകുമെന്ന് കരുതിയെങ്കിലും 17 പന്തില്‍ 17 റണ്‍സെടുത്ത സയ്യിം അയൂബിനെ മാര്‍ക്ക് അഡയര്‍ പുറത്താക്കി. 17 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും പുറത്തായതോടെ പാകിസ്ഥാന്റെ തകര്‍ച്ച പെട്ടെന്നായിരുന്നു. ഉഖര്‍ സമന്‍(5),ഉസ്മാന്‍ ഖാന്‍(2),ഷദാബ് ഖാന്‍(0),ഇമാദ് വസീം(4) എന്നിവര്‍ വരിവരിയായി പുറത്തായതോടെ പാക് സ്‌കോര്‍ 62 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലായി.
തോല്‍വി മുന്നില്‍ കണ്ട ഘട്ടത്തില്‍ അബ്ബാസ് അഫ്രീദിയെ കൂട്ടുപിടിച്ചാണ് ബാബര്‍ അസം പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. പതിനെട്ടാം ഓവറില്‍ അബ്ബാസ് അഫ്രീദി പുറത്താകുമ്പോള്‍ പാകിസ്ഥാന് വിജയിക്കാന്‍ രണ്ടോവറില്‍ 12 റണ്‍സ് ആവശ്യമായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തിയ ഷഹീന്‍ അഫ്രീദി തുടര്‍ച്ചയായി 2 സിക്‌സുകള്‍ നേടി പാകിസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി 3 വിക്കറ്റും കര്‍ട്ടിസ് കാംഫെര്‍ 2 വിക്കറ്റും വീഴ്ത്തി.