അഭിറാം മനോഹർ|
Last Modified ബുധന്‍, 5 നവംബര്‍ 2025 (17:23 IST)
2025ല്‍ വനിതാ ഏകദിന ലോകകപ്പ് സ്വന്തമാക്കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്. 1973ല്‍ ആദ്യ എഡിഷന്‍ ആരംഭിച്ചിട്ടും 2020കളോടെ മാത്രമാണ് ക്രിക്കറ്റ് ഒരു കരിയര്‍ എന്ന രീതിയില്‍ കൊണ്ടുപോകുവാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന ഒരു അവസ്ഥ വന്നുചേര്‍ന്നത്. 2017ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ സെമിഫൈനലില്‍ ഹര്‍മന്‍ പ്രീത് കൗര്‍ നടത്തിയ സെഞ്ചുറി പ്രകടനമാണ് ആരാധകര്‍ക്കിടയില്‍ വനിതാ ക്രിക്കറ്റിന് സ്വീകാര്യത ഒരുക്കിയ സംഭവം.
എന്നാല്‍ ഇതിനെല്ലാം മുന്‍പ് തന്നെ 2005ലെ ലോകകപ്പില്‍ ഫൈനല്‍ യോഗ്യത നേടാന്‍ ഇന്ത്യയ്ക്കായിരുന്നു. വനിതാ ക്രിക്കറ്റിലെ ലെജന്‍ഡായ മിതാലി രാജ് അന്ന് ആ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ അന്ന് വനിതാ ക്രിക്കറ്റിന് യാതൊരു പരിഗണനയും ലഭിച്ചിരുന്നില്ലെന്നും ഫൈനല്‍ വരെയെത്തിയ ടീമിന് പാരിതോഷികമെന്ന നിലയില്‍ ലഭിച്ചത് ഓരോ മത്സരത്തിനും 1000 രൂപ വീതമാണെന്നും അങ്ങനെ 8000 രൂപയാണ് അന്ന് ലഭിച്ചതെന്നും മുതാലി രാജ് പറയുന്നു.
ആ സമയത്ത് വുമണ്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയായിരുന്നു വനിതാ ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്തിരുന്നത്. കാര്യമായ സ്‌പോണ്‍സര്‍മാര്‍ അന്നുണ്ടായിരുന്നില്ല. ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമായിരുന്നു ടീം മുന്നോട്ട് പോയിരുന്നത്. യാത്രകള്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ടിക്കറ്റ് പോലും കളിക്കാര്‍ എടുക്കേണ്ട സാഹചര്യമായിരുന്നു. പൈസയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പ്രതിഫലവും. 2006ല്‍ ബിസിസിഐ വനിതാ ക്രിക്കറ്റിനെയും ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ മെച്ചപ്പെട്ടത്. ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെട്ടു. സീരീസിന് മുന്‍പും ശേഷവും പ്രതിഫലം ലഭിക്കുന്ന സാഹചര്യമുണ്ടായി. മിതാലി രാജ് പറയുന്നു.
2022ല്‍ ബിസിസിഐ വനിതകള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഒരേ മാച്ച് ഫീ എന്ന തീരുമാനം കൈകൊണ്ടത് വനിതാ ക്രിക്കറ്റിനെ മാറ്റിമറിച്ചു. ഇന്ന് വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പുരുഷ താരങ്ങളുടെ അതേ പ്രതിഫലമാണ് ലഭിക്കുന്നത്.