അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 നവംബര്‍ 2025 (15:37 IST)
വനിതാ ഏകദിന ലോകകപ്പില്‍ ഇക്കുറി ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളുടെ കൂട്ടത്തിലായിരുന്നു ഇന്ത്യ. ആദ്യ 2 മത്സരങ്ങളില്‍ വിജയിച്ചതിന് ശേഷം പിന്നീട് തുടര്‍ച്ചയായ 3 മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകലിന്റെ വക്കത്തെത്തിയ ശേഷമാണ് ശക്തമായി തിരിച്ചുവന്നത്. സെമിയില്‍ അവസാന സ്ഥാനക്കാരായാണ് എത്തിയതെങ്കിലും ശക്തരായ ഓസീസിനെ പരാജയപ്പെടുത്തി ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
തുടര്‍ച്ചയായി 3 മത്സരങ്ങള്‍ തോറ്റതോടെ കോച്ച് അമോല്‍ മജുംദാറിന്റെ ശകാരമായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമെന്ന് തുറന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍. കഴിഞ്ഞ മാസം ഞങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെയായിരുന്നു കാര്യങ്ങളെല്ലാം. എല്ലാവരും കിരീടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ജയിക്കാവുന്ന മത്സരം തോറ്റ് സെമിഫൈനല്‍ സാധ്യത തുലാസിലായതോടെ ഞങ്ങളെല്ലാം തകര്‍ന്നു.
ആ മത്സരം വിജയിക്കേണ്ട ഒന്നായിരുന്നു. അവസാന മൂന്നോവറില്‍ ജയിക്കാന്‍ 27 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ അത് നേടാനാവാതെ പോയതോടെ ഞങ്ങള്‍ തകര്‍ന്നടിഞ്ഞു. മത്സരശേഷം ഡ്രസിങ് റൂമിലെത്തിയ ഞങ്ങളോട് കോച്ച് പറഞ്ഞത് ഇതൊക്കെ ഒരുപാട് തവണ കണ്ടതാണ്. വീണ്ടും വീണ്ടും ഒരേ പിഴവ് ആവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കാവില്ല അതിന്റെ സമയമൊക്കെ കഴിഞ്ഞെന്നായിരുന്നു. അല്പം ദേഷ്യത്തോടെയാണ് കോച്ച് ഇക്കാര്യം പറഞ്ഞത്.
ആ വാക്കുകള്‍ക്ക് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന ഉറച്ച മനസുമായാണ് പിന്നീടുള്ള ഓരോ മത്സരങ്ങള്‍ക്കും ഇറങ്ങിയത്. കോച്ച് പറഞ്ഞ വാക്കുകള്‍ ഓരോരുത്തരുടെയും മനസുകളില്‍ ഉണ്ടായിരുന്നു. മത്സരശേഷം ഹര്‍മന്‍പ്രീത് പറഞ്ഞു.