ബിസിസിഐ പേടിയോ? പിച്ച് വിവാദത്തിൽ യൂടേണെടുത്ത് അഫ്ഗാൻ, ചിന്നസ്വാമി വേണ്ടെന്ന് വെച്ചു, നോയിഡയിലെ ഗ്രൗണ്ട് സെലക്ട് ചെയ്തത് തങ്ങളെന്ന് വിശദീകരണം

Afghanistan
അഭിറാം മനോഹർ| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (11:50 IST)
Afghanistan
ഗ്രേറ്റര്‍ നോയിഡയിലെ പിച്ചിന്റെ ദയനീയാവസ്ഥയില്‍ ബിസിസിഐയെ നേരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നെങ്കിലും യൂടേണെടുത്ത് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലന്‍ഡും അഫ്ഗാനും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനായി ലഖ്‌നൗ, ഡെഹ്‌റാഡൂണ്‍ സ്റ്റേഡിയങ്ങളാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ യാതൊരു സംവിധാനങ്ങളുമില്ലാത്ത ഗ്രേറ്റര്‍ നോയിഡയാണ് തങ്ങള്‍ക്ക് കളിക്കാന്‍ ലഭിച്ചതെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പിച്ചിന്റെ പേരില്‍ ഇന്ത്യ നാണം കെട്ടതോടെ വിഷയത്തില്‍ യൂടേണ്‍ എടുത്തിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ്.


രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന അഫ്ഗാനില്‍ ക്രിക്കറ്റ് ടീമിന് നിലവില്‍ കളിക്കുവാന്‍ മതിയായ സൗകര്യങ്ങളില്ല. ഇന്ത്യയിലാണ് അഫ്ഗാന്റെ ഹോം മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. ഈ സാഹചര്യത്തില്‍ ഒരു മത്സരത്തിന്റെ പേരില്‍ മാത്രം ബിസിസിഐയെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് കണക്കാക്കിയാണ് വിഷയത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് യൂടേണ്‍ അടിച്ചിരിക്കുന്നത്. മത്സരം നടത്താനായി ഗ്രൗണ്ട് സ്റ്റാഫ് അടകമുള്ളവര്‍ പരിശ്രമിച്ചതായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാനേജറായ മെന്‍ഹാജുദ്ദീന്‍ നാസ് വ്യക്തമാക്കി.


നോര്‍ത്തണ്‍ കാണ്‍പൂരും ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയവും ബിസിസിഐ തങ്ങള്‍ക്ക് ഓഫര്‍ ചെയ്തിരുന്നുവെന്നും തങ്ങളാണ് ഗ്രേറ്റര്‍ നോയിഡ തിരെഞ്ഞെടുത്തതെന്നും നാസ് വ്യക്തമാക്കി.ഡല്‍ഹിക്ക് കൂടുതല്‍ അടുത്ത പ്രദേശമായതിനാലാണ് നോയിഡ തിരെഞ്ഞെടുത്തതെന്നും നാസ് പറഞ്ഞു. ചെറിയ മഴ പെയ്തതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയില്‍ നടക്കാനിരുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ 2 ദിവസവും റദ്ദാക്കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതിനാവശ്യമായ യാതൊരു സൗകര്യങ്ങളും ഗ്രേറ്റര്‍ നോയിഡയില്‍ ഇല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യം അതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാടില്‍ യൂടേണ്‍ എടുത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :