മുംബൈ|
മെര്‍ലിന്‍ സാമുവല്‍|
Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (15:16 IST)
മലയാളി താരം സഞ്ജു വി സാംസണ്‍ നീല ജേഴ്‌സിയണിയുന്ന സമയം വിദൂരമല്ലെന്ന് സൂചനകള്‍. മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനെന്ന പേരില്‍ ടീമിലെത്തിയ യുവതാരം ഋഷഭ് പന്തിന്റെ ദയനീയ പ്രകടനമാണ് സഞ്ജുവിന് അനുകൂലമാകുന്നത്.
പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ആണെങ്കിലും അടിയന്തര ഘട്ടം വന്നാൽ ടീമിലെടുക്കാൻ ഒരുപിടി യുവതാരങ്ങൾ പട്ടികയിലുണ്ടെന്ന് മുഖ്യ സെലക്‍ടര്‍ എംഎസ് കെ പ്രസാദ് വ്യക്തമാക്കി. സഞ്ജുവിന്റെ പേര് എടുത്തു പറഞ്ഞാണ് ഋഷഭിനെതിരെ സിലക്ഷൻ കമ്മിറ്റി ചെയർമാൻ വിമര്‍ശനം പരസ്യമാക്കിയത്.
പന്തിന് പകരക്കാരനെ കണ്ടെത്തും, താരത്തിന്റെ ജോലി ഭാരം കുറയ്‌ക്കുന്നത് ആലോചനയിലുണ്ട്. എല്ലാ ഫോർമാറ്റിലും പന്തിന് പകരക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. സഞ്ജുവും, ഇഷാൻ കിഷനും മികവ് കാട്ടുന്ന യുവതാരങ്ങളാണെന്നും പ്രസാദ് പറഞ്ഞു.
അതേസമയം, മുന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍ രൂക്ഷമായ ഭാഷയിലാണ് പന്തിനെ കുറ്റപ്പെടുത്തിയത്. വിക്കറ്റിന് പിന്നിലും മുന്നിലും കളി മെനയുന്ന മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായനേക്കാളും അപ്പുറത്തേക്ക്
ചിന്തിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് ലക്ഷ്യമാക്കി ടീം ഒരുക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴും പ്രഥമ പരിഗണന ഋഷഭിന് തന്നെയാണ്. എന്നാല്‍, ധോണിക്ക് പകരക്കാരനാകാന്‍ പന്തിന് സാധിക്കിന്നില്ലെങ്കില്‍ സഞ്ജുവിനെ പരിഗണിക്കണമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. വിക്കറ്റിന് പിന്നിലും മുന്നിലും സഞ്ജു മികച്ച ഓപ്‌ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.