പണം മാത്രം ഉണ്ടാക്കിയാൽ മതിയോ ?, ടി20 ക്രിക്കറ്റിനായി ടെസ്റ്റ് ഉപേക്ഷിച്ച ഷഹീൻ അഫ്രീദിയെ വറുത്തെടുത്ത് വസീം അക്രവും വഖാർ യൂനിസും

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ജനുവരി 2024 (18:25 IST)

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ നിന്നും വിശ്രമമെടുത്ത പാക് യുവ പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പേസ് ഇതിഹാസങ്ങളായ വസീം അക്രമും വഖാര്‍ യൂനിസും. ടി20 ക്രിക്കറ്റ് കളിച്ച് പണക്കാരാവുകയാണോ അതോ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളാവുകയാണോ നിങ്ങള്‍ക്ക് വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്ന് അക്രം വ്യക്തമാക്കി. ടെസ്റ്റ് പരമ്പരയില്‍ 2-0 ത്തിന് ഓസീസ് മുന്നില്‍ നില്‍ക്കുന്ന സമയത്താണ് സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ നിന്നും ഷഹീന്‍ അഫ്രീദി പിന്‍മാറിയത്.

ഷഹീന്‍ ടെസ്റ്റില്‍ കളിക്കാത്തതില്‍ ടീം മാനേജ്‌മെന്റിന് യാതൊരു പങ്കുമില്ല. പൂര്‍ണ്ണമായും അത് ഷഹീനിന്റെ തീരുമാനമാണ്. കളിയിലെ മഹാനായ താരമാകണമോ അതോ പണക്കാരനാകണമോ എന്നുള്ളതെല്ലാം ഒരാളുടെ തീരുമാനമാണ്. ടി20 ക്രിക്കറ്റിലെ ആര് ശ്രദ്ധിക്കുന്നു. അത് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും കളിക്കാര്‍ക്കും ഒരുപാട് പണം ഉണ്ടാക്കികൊടുക്കും എന്നതല്ലാതെ. ക്രിക്കറ്റിന്റെ അവസാന വാക്ക് എല്ലായ്‌പ്പോഴും ടെസ്റ്റ് ക്രിക്കറ്റാണ് വസീം അക്രം പറഞ്ഞു.

അക്രമിന് പുറമെ വഖാര്‍ യൂനിസും ഷഹീന്‍ അഫ്രീദിയുടെ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.കഴിഞ്ഞ മത്സരത്തില്‍ ഷഹീന്‍ നന്നായി പന്തെറിഞ്ഞിരുന്നു. മൂന്നാം ടെസ്റ്റില്‍ അവന്‍ ഉണ്ടാകുമെന്ന് തന്നെ കരുതി. വഖാര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ 2 ടെസ്റ്റുകളിലും താരതമ്യേന പുതിയ പേസ് നിരയുമായാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. 2 മത്സരങ്ങളിലായി നൂറോളം ഓവറുകളാണ് ഷഹീന് എറിയേണ്ടതായി വന്നത്. ടി20 ടീമിന്റെ നായകന്‍ കൂടിയായതിനാല്‍ വര്‍ക്ക് ലോഡിലെ പ്രശ്‌നമാണ് ഷഹീന്‍ വിശ്രമമെടുക്കാന്‍ കാരണമെന്ന് താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

ബാബര്‍ അസം പാക് നായകസ്ഥാനം ഒഴിഞ്ഞതോടെ ടി20 നായകനായ ഷഹീന്‍ അഫ്രീദിയാണ് ന്യൂസിലന്‍ഡിനെതിരെ അടുത്തമാസം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ ടീമിനെ നയിക്കുന്നത്. ടി20 ലോകകപ്പ് ഈ വര്‍ഷം ജൂലൈയില്‍ നടക്കാനിരിക്കെ താരം പരിക്കില്‍ പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :