"എന്റെ ശത്രുത ആർക്കും ‌താങ്ങാനാവില്ല", ഹൈദരാബാദിനെതിരെ കണക്ക് തീർത്ത് ഡേവിഡ് വാർണർ

അഭിറാം മനോഹർ| Last Updated: വ്യാഴം, 5 മെയ് 2022 (21:52 IST)
സൺറൈസേഴ്‌സ് ഹൈദരാബാദും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്. ഏത് ടീം വിജയിക്കും എന്നതിനേക്കാൾ തനിക്കേറ്റ അപമാനത്തിന് വാർണർക്ക് കണക്ക് തീർക്കാനാവുമോ എന്ന ചോദ്യമായിരുന്നു ഓരോ ക്രിക്കറ്റ് ആരാധകനും ഉണ്ടായിരുന്നത്.

ഹൈദരാബാദിനെതിരെ റാഷിദ് ഖാൻ തകർത്ത് വിളയാടിയതിന് ശേഷം ഇത്തവണ ശരിക്കും വാർണറിന്റെ ഊഴം തന്നെയായിരുന്നു. സ്കോർബോർഡിൽ റണ്ണെത്തും മുൻപ് ആദ്യ വിക്കറ്റ് വീണെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന രോവ്‌മൻ പവലിനൊപ്പം ഹൈദരാബാദ് വേട്ടയാണ് ഇക്കുറി താരം നടത്തിയത്.

ടൂർണമെന്റിൽ മികച്ച താളത്തിലുള്ള റോവ്‌മൻ പവൽ അവസാന ഓവറുകളിൽ തകർത്തടിക്കുക കൂടി ചെയ്‌തതോടെ 207 റൺസാണ് ഡൽഹി കുറിച്ചത്. 58 പന്തുകളിൽ നിന്ന് 12 ബൗണ്ടറികളും 3 സിക്സറും സഹിതം പുറത്താവാതെ 92 റൺസാണ് വാർണർ അടിച്ചെടുത്തത്. അർഹിക്കുന്ന സെഞ്ചുറി സ്വന്തമാക്കാനായില്ലെങ്കിലും മികച്ച ടീം സ്കോറിലേക്ക് പിടിച്ചുയർത്താൻ വാർണറിന് സാധിച്ചു.

മറുവശത്ത് 35 പന്തിൽ 67 റൺസുമായി തന്റെ ബ്രൂട്ടൽ പവറിന്റെ എക്‌സിബിഷൻ ആയിരുന്നു പവൽ നടത്തിയത്. 6 സിക്‌സും 3 ബൗണ്ടറികളും താരം മത്സരത്തിൽ നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :