കഠിനാധ്വാനം തുടർന്നാൽ അവൻ രാജ്യാന്തര ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാകും: ഇന്ത്യൻ യുവതാരത്തെ പുകഴ്‌ത്തി വിവിഎസ് ലക്ഷ്‌മൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 മെയ് 2021 (16:59 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ എക്കാലവും ബാറ്റിങ് കൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ടീമാണ് ഇന്ത്യയുടേത്.അമ്പത് വർഷത്തോളം നീണ്ട കാലയളവിൽ കാര്യമായ കപിൽ ദേവ്,സഹീർ ഖാൻ,ശ്രീനാഥ് എന്നിങ്ങനെ ചുരുക്കം ചില മികച്ച പേസർമാരെ സൃഷ്‌ടിക്കാനെ ഇന്ത്യൻ ക്രിക്കറ്റിനായിരുന്നുള്ളു. എന്നാൽ ഇന്ന് ബാറ്റിങ്ങിനോളം പോന്ന ബൗളിഗ് നിരയും ഇന്ത്യയ്‌ക്ക് സ്വന്തമാണ്.

ഇപ്പോളിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ യുവതാരം വലിയ നേട്ടങ്ങൾ കാഴ്‌ച്ചവെയ്‌ക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വിവിഎസ് ലക്ഷ്‌മൺ. ഇന്ത്യയുടെ യുവതാരമായ മുഹമ്മദ് സിറാജിനാണ് വിവിഎസിന്‍റെ പ്രശംസ. ഇന്ത്യക്ക് ഭാഗ്യം കൊണ്ട് മികച്ച പേസ് യൂണിറ്റ് നിലവിലുണ്ട്. ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ക്ക് സിറാജിനെ ചുമതലപ്പെടുത്തണം. അതിനുള്ള പ്രതിഭ അയാളിലുണ്ട്. അവൻ അനുദിനം മികവാര്‍ജിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നിര്‍ണായകമായ പ്രകടനം സിറാജില്‍ നിന്ന് നമ്മള്‍ കണ്ടതാണ്. പരിക്കിൽ നിന്നും വിട്ട് നിൽക്കാൻ താരത്തിന് സാധിക്കുകയാണെങ്കിൽ അടുത്ത കുറച്ച് വര്‍ഷങ്ങളിലും കഠിനാധ്വാനം തുടര്‍ന്നാല്‍ രാജ്യന്തര ക്രിക്കറ്റില്‍ വമ്പന്‍ താരമാകാന്‍ സിറാജിനാകും ലക്ഷ്‌മൺ പറഞ്ഞു.

വലംകൈയന്‍ പേസറായ മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയൻ പര്യടനത്തിൽ സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് കുറിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുമായി പരമ്പരയിലെ ഇന്ത്യയുടെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാകാനും സിറാജിനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :