Who is Umpire Richard Kettleborough: 'വെളച്ചിലെടുക്കല്ലേ..!' കോലിക്ക് വേണ്ടി ചെറുതായൊന്ന് കണ്ണടച്ച് അംപയര്‍; അത് വൈഡ് ആയിരുന്നോ?

കോലി ലെഗ് സ്റ്റംപില്‍ ചേര്‍ന്നാണ് ഗാര്‍ഡ് എടുത്തിരുന്നതെന്നും പിന്നീട് ഓഫ് സ്റ്റംപിലേക്ക് നീങ്ങിയതുകൊണ്ടാണ് ആ ബോള്‍ വൈഡ് അനുവദിക്കാതിരുന്നതെന്നും അംപര്‍ റിച്ചാര്‍ഡിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു

രേണുക വേണു| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (10:11 IST)

Who is Umpire Richard Kettleborough: ചില സമയത്ത് കളിക്കാര്‍ മാത്രമല്ല അംപയര്‍മാര്‍ വരെ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ വീരപുരുഷന്‍മാര്‍ ആകും. ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഈ മത്സരം നിയന്ത്രിച്ച അംപയര്‍മാരില്‍ ഒരാളായ റിച്ചാര്‍ഡ് കെറ്റില്‍ ബൊറോ. വിരാട് കോലിക്ക് സെഞ്ചുറിയടിക്കാന്‍ വേണ്ടി റിച്ചാര്‍ഡ് വൈഡ് ബോള്‍ അനുവദിക്കാത്തതാണ് അതിനു കാരണം.

ബംഗ്ലാദേശ് സ്പിന്നര്‍ നസൂം അഹമ്മദ് 42-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് വെറും രണ്ട് റണ്‍സ് മാത്രം. കോലിക്ക് സെഞ്ചുറിയടിക്കാന്‍ മൂന്ന് റണ്‍സ് ആവശ്യമായിരുന്നു. ആദ്യ പന്ത് തന്നെ നസൂം ലെഗ് സ്റ്റംപിന് പുറത്ത് എറിഞ്ഞു. ക്രീസില്‍ നില്‍ക്കുന്ന കോലി അടക്കം എല്ലാവരും അത് വൈഡ് വിളിക്കുമെന്ന് ഉറപ്പിച്ചു. എന്നാല്‍ അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ ബൊറോ വൈഡ് അനുവദിച്ചില്ല. കോലിയുടെ സെഞ്ചുറി നഷ്ടപ്പെടുത്താന്‍ നസൂം മനപ്പൂര്‍വ്വം വൈഡ് എറിഞ്ഞതാണോ എന്ന സംശയം അംപയറുടെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ ആകും വൈഡ് അനുവദിക്കാതിരുന്നതെന്ന് ആരാധകര്‍ പറയുന്നു. പിന്നീട് നസൂമിന്റെ മൂന്നാം പന്ത് സിക്‌സര്‍ പറത്തി കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും സെഞ്ചുറി നേടുകയും ചെയ്തു.

കോലി ലെഗ് സ്റ്റംപില്‍ ചേര്‍ന്നാണ് ഗാര്‍ഡ് എടുത്തിരുന്നതെന്നും പിന്നീട് ഓഫ് സ്റ്റംപിലേക്ക് നീങ്ങിയതുകൊണ്ടാണ് ആ ബോള്‍ വൈഡ് അനുവദിക്കാതിരുന്നതെന്നും അംപര്‍ റിച്ചാര്‍ഡിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ലെഗ് സ്റ്റംപിന് തൊട്ടരികിലൂടെ പോയതിനാലാണ് താന്‍ വൈഡ് അനുവദിക്കാത്തതെന്ന് ആ ബോളിന് ശേഷം അംപയര്‍ റിച്ചാര്‍ഡ് ആംഗ്യം കാണിക്കുന്നുണ്ട്. അതേസമയം കോലിക്ക് വേണ്ടി അംപയര്‍ മനപ്പൂര്‍വ്വം വൈഡ് വിളിക്കാത്തതാണെന്ന് മറ്റ് ചിലര്‍ പറയുന്നു.
ഇംഗ്ലണ്ടുകാരനായ റിച്ചാര്‍ഡ് 155 ഏകദിന മത്സരങ്ങളിലും 112 ടെസ്റ്റ് മത്സരങ്ങളിലും 51 ട്വന്റി 20 മത്സരങ്ങളിലും അംപയറുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇതില്‍ രാജ്യാന്തര മത്സരങ്ങളുടെ എണ്ണം വെറും ഏഴ് മാത്രമാണ്. യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി കളിച്ചിട്ടുള്ള റിച്ചാര്‍ഡ് ഇടംകയ്യന്‍ ബാറ്ററും വലംകയ്യന്‍ മീഡിയം ബൗളറുമാണ്. 50 വയസ്സാണ് പ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :