വിവിയന്‍ റിച്ചാര്‍ഡ്‌‌സിന് ധോണിയെ വേണ്ട കോ‌ഹ്‌ലിയെ മതി

 മഹേന്ദ്ര സിംഗ് ധോണി , വിവിയന്‍ റിച്ചാര്‍ഡ്‌സ് , വിരാട് കോഹ്‌ലി
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (14:37 IST)
ലോകക്രിക്കറ്റിലെ ഏറ്റവും അപകടകരിയായ ഫിനിഷര്‍ എന്ന ഓമന പേരുള്ള ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കിപ്പോള്‍ സമയം മോശമാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്‌റ്റ് ഏകദിന മത്സരങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ഇഷ്‌ട ടീമില്‍ ധോണി ഇല്ല എന്നതാണ് പ്രത്യേകത. നേരത്തെ ക്രിക്കറ്റിലെ മഹാരഥന്മാര്‍ ഇഷ്‌ട ടീം പ്രഖ്യാപിച്ചപ്പോള്‍ എല്ലാം ഇന്ത്യന്‍ നായകന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

മഹേന്ദ്ര സിംഗ് ധോണിയെ ഓഴിവാക്കിയെങ്കിലും ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുക്കര്‍ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. സച്ചിനില്ലാത്ത ടീമിനെ കുറിച്ച് തനിക്ക് ഓര്‍ക്കാന്‍ വയ്യ എന്നാണ് വിവിയന്‍ റിച്ചാര്‍ഡ്‌സ് പറയുന്നത്. എത്ര പണം മുടക്കി സച്ചിന്റെ കളി കാണാന്‍ പോകാനും താന്‍ തയാര്‍ ആണെന്നും അദ്ദേഹം പറയുമ്പോള്‍ ബ്രയാന്‍ ലാറയെ അദ്ദേഹം മറക്കുന്നില്ല. ലാറയാണ് ഇഷ്‌ട ടീമിലെ രണ്ടാമന്‍ ലാറയെ ഒഴിവാക്കിയൊരു ടീം പ്രയാസമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെ‌യല്‍ ആണ് മൂന്നാം സ്ഥാനത്തിന് അര്‍ഹനായ താരം ബൗളര്‍മാരുടെ പേടിസ്വപ്‌നം എന്നാണ് റിച്ചാര്‍ഡ്‌സ് ഗെയിലിനെ വിളിക്കുന്നത്. നാലാം സ്ഥാനത്ത് ലോകകപ്പ് നേടിയ വിന്‍ഡീസ് ടീം നായകന്‍ ക്ലൈവ് ലോയ്ഡ് തന്നെയാണ്. ഇന്നത്തെ ക്രിക്കറ്റില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ബാറ്റിംഗ് കാഴ്‌ച വെക്കുന്ന ഈ വിന്‍ഡീസ് താരം പുതുതലമുറയ്ക്ക് പാഠമാക്കേണ്ട വ്യക്തിയാണെന്നും വിവിയന്‍ റിച്ചാര്‍ഡ്‌സ് പറയുന്നുണ്ട്.

ഏകദിനത്തിലെ ഏറ്റവും മികച്ച വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ആയ റിക്കി പോണ്ടിംഗും,
വിനാശകാരിയായ മാത്യു ഹെയ്‌ഡനുമാണ് അടുത്ത അടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. അടുത്തതായി ഇന്ത്യയുടെ സ്വന്തം വീരു തന്നെയാണ് സേവാഗ് കളിക്കുന്നത് കാണുമ്പോള്‍ ബാറ്റിംഗ് ഇത്രയും എളുപ്പമാണോ എന്ന് തോന്നുമെന്നും റിച്ചാര്‍ഡ്‌സ് പറയുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസിയും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സുമാണ്. ഏത് ടീമിലും ധൈര്യപൂര്‍വ്വം ഉള്‍പ്പെടുത്താവുന്ന താരമാണ് ഡിവില്ലിയേഴ്‌സെന്നും. അത്രയ്ക്കും മൃഗീയമാണ് അദ്ദേഹം റണ്‍സുകള്‍ അടിച്ചുകൂട്ടുന്നതെന്നും റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളില്‍ നിന്നും ഏറെ മുന്നോട്ട് പോകുമെന്ന് റിച്ചാര്‍ഡ്‌സ് ഉറപ്പിച്ച് പറയുന്ന വിരാട് കോ‌ഹ്‌ലിയാണ് അവസാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :