കരുതിയിരുന്നോളു, രാജാവ് തിരിച്ചെത്തുന്നു: നെറ്റ്സിൽ ബൗളർമാരെ അടിച്ചുപരുവമാക്കി കോലി

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (12:32 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തൻ്റെ സ്ഥാനം ഉറപ്പിക്കാൻ മുൻ നായകൻ വിരാട് കോലിക്ക് ഏറെ നിർണായകമായ ടൂർണമെൻ്റാണ് ഏഷ്യാകപ്പ്. ഏഷ്യാകപ്പിൽ കൂടി കാലിടറിയാൽ ടി20 ലോകകപ്പിൽ കോലി കളിക്കാനുള്ള സാധ്യതയെ തന്നെ അത് ചോദ്യം ചെയ്തേക്കും എന്നതിനാൽ തിരികെ ഫോമിലേക്ക് എത്തേണ്ടത് കോലിക്ക് വലിയ ആവശ്യകതയാണ്.

ഇപ്പോഴിതാ ഏഷ്യാകപ്പിൽ താൻ ശക്തമായി തിരിച്ചെത്തും എന്ന സൂചനകൾ നൽകിയിരിക്കുകയാണ് കോലി. ദുബായിലെ ആദ്യ പരിശീലന സെഷനിൽ നെറ്റ്സിൽ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിനെയും രവീന്ദ്ര ജഡേജയെയും രവിചന്ദ്ര അശ്വിനേയും കാര്യമായി കൈകാര്യം ചെയ്യുന്ന കോലിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 1000 ദിവസത്തിലേറെയായി കോലി മൂന്നക്കം കടന്നിട്ട്. ഫോമില്ലായ്മയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടതോടെ വിൻഡീസ്,സിംബാബ്‌വെ പര്യടനങ്ങളിൽ നിന്നും കോലി വിട്ടു നിന്നിരുന്നു.

അതേസമയം തൻ്റെ ബാറ്റിങ് പിഴവുകളെ കുറിച്ച് ബോധ്യമുണ്ട് എന്ന കോലിയുടെ തുറന്നുപറച്ചിൽ താരത്തിൻ്റെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്.ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :