ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2019 (11:50 IST)
ലോകകപ്പ് തോൽവിക്ക് ശേഷം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഇതുവരെ ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല. നീണ്ട അവധിയെടുത്ത് മാറി നിൽക്കുകയാണ് താരം. ഇതിനിടെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇനിയൊരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതെ ധോണിക്ക് ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറയേണ്ടി വരുമെന്ന് വരെ വിമർശകർ പ്രചരിപ്പിച്ചു.
വിരമിക്കല്‍ ആവശ്യം ശക്തമാണെങ്കിലും തങ്ങളുടെ പ്രിയതാരം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് ഒരു ഇന്ത്യന്‍ താരം പോലും ആവശ്യപ്പെട്ടിട്ടില്ല. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാകട്ടെ ടീമില്‍ ധോണിയുടെ സാന്നിധ്യം ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ്.
ഇതിനിടെ ധോണിയുടെ തിരിച്ച് വരവിനെ കുറിച്ച് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തിരിച്ച് വരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് ധോണിയാണെന്നും ഇക്കാര്യത്തെ കുറിച്ച് എന്തായാലും ക്യാപ്റ്റൻ വിരാട് കോലിയോടും സിലക്ടർമാരോടും ധോണി തീർച്ചയായും സംസാരിച്ചിട്ടുണ്ടാകുമെന്നും
ദാദ പറയുന്നു.
ദാദയുടെ പരാമർശം കോഹ്ലി ആരാധകർക്ക് ക്ഷീണമായിരിക്കുകയാണ്. ധോണിയുടെ വിരമിക്കൽ വിഷയത്തെ കുറിച്ച് അദ്ദേഹം ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളോട് കോഹ്ലി ഇതുവരെ പറഞ്ഞിരുന്നത്. വിരമിക്കലിനെ കുറിച്ചോ അവധി കഴിഞ്ഞ് എത്തുന്നതിനെ കുറിച്ചോ ധോണി തങ്ങളോട് ഒന്നും തുറന്നു സംസാരിച്ചിട്ടില്ലെന്നായിരുന്നു കോഹ്ലിയും പരിശീലകൻ രവ് ശാസ്ത്രിയും ഒരുപോലെ പറഞ്ഞിരുന്നത്.
എന്നാൽ, ദാദയുടെ മറുപടിയിൽ നിന്നും വ്യക്തമാകുന്നത് ധോണി വിഷയത്തെ കുറിച്ച് കോഹ്ലി അടക്കമുള്ളവർക്ക് വ്യക്തമായ ധാരണ ഉണ്ടെന്ന് തന്നെയാണ്. ഏതായാലും കോഹ്ലിയും ധോണിയും അടക്കുള്ളവർ ഒളിപ്പിക്കുന്ന ആ സർപ്രൈസിനായി ആരാധാകർ കാത്തിരിക്കുകയാണ്. ധോണിയുടെ മടങ്ങി വരവിനായുള്ള കാത്തിരിപ്പ്.