Virat Kohli: 'ജൂനിയറിന്റെ കീഴില്‍ കളിക്കാനും തയ്യാര്‍'; രഞ്ജിയിലെ ക്യാപ്റ്റന്‍സി ഓഫര്‍ നിഷേധിച്ച് കോലി

പരിശീലന സെഷനില്‍ വളരെ കൂളായാണ് കോലി സഹതാരങ്ങള്‍ക്കൊപ്പം ചെലവഴിച്ചത്

Virat Kohli - India
Virat Kohli - India
രേണുക വേണു| Last Modified ചൊവ്വ, 28 ജനുവരി 2025 (12:09 IST)

Virat Kohli: 12 വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ താരം വിരാട് കോലി. 2012 ലാണ് കോലി അവസാനമായി ഡല്‍ഹിക്കു വേണ്ടി രഞ്ജി കളിച്ചത്. വ്യാഴാഴ്ച റെയില്‍വെയ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ കോലി ഡല്‍ഹിക്കായി വീണ്ടും കളത്തിലിറങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി രഞ്ജി ടീമിനൊപ്പം കോലി പരിശീലനം ആരംഭിച്ചു.

പരിശീലന സെഷനില്‍ വളരെ കൂളായാണ് കോലി സഹതാരങ്ങള്‍ക്കൊപ്പം ചെലവഴിച്ചത്. ടീമിനൊപ്പം പരിശീലനത്തിനു ഇറങ്ങാമെന്ന് ഡല്‍ഹി മുഖ്യ പരിശീലകന്‍ ശരണ്‍ദീപ് സിങ്ങിനെ കോലി അറിയിച്ചിരുന്നു. കോലിയെ പോലൊരു താരം ഒപ്പമുണ്ടാകുന്നത് ഡല്‍ഹി താരങ്ങള്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് ശരണ്‍ദീപ് സിങ് പറഞ്ഞു. ഡല്‍ഹി താരങ്ങള്‍ക്കൊപ്പം കോലി സര്‍ക്കിള്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
റെയില്‍വെയ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ നയിക്കാന്‍ കോലിയോടു മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും താരം ഈ ഓഫര്‍ നിരസിച്ചു. റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ റെയില്‍വെയ്‌സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനാകാമോ എന്നായിരുന്നു ഡല്‍ഹി മാനേജ്‌മെന്റ് കോലിയോടു ചോദിച്ചത്. എന്നാല്‍ ജൂനിയര്‍ താരത്തിനു കീഴില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്നും ക്യാപ്റ്റന്‍സി വേണ്ടെന്നും കോലി നിലപാടെടുത്തു. കോലി ക്യാപ്റ്റന്‍സി നിഷേധിച്ച സാഹചര്യത്തില്‍ ആയുഷ് ബദോനി തന്നെയായിരിക്കും റെയില്‍വെയ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ നയിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :