ന്യൂഡല്‍ഹി|
ജിയാന്‍ ഗോണ്‍സാലോസ്|
Last Updated:
ബുധന്‍, 18 മെയ് 2016 (15:54 IST)
അമാനുഷികന്‍ എന്ന നാമം വിരാട് കോഹ്‌ലിക്ക് ചാര്‍ത്തിക്കൊടുക്കാമെങ്കില്‍ അത് ക്രിക്കറ്റിനോട് ചെയ്യാവുന്ന നീതിയായിരിക്കും. കോപ്പി ബുക്കുകളില്‍ ഇടം പിടിക്കാത്ത ഷോട്ടുകള്‍ വിജയകരമായി പൂര്‍ത്തികരിച്ച് ലോകത്തെ ഞെട്ടിച്ച ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പിന്‍ഗാമി എന്ന പദവിയെങ്കിലും വിരാടിന് സമ്മാനിക്കാന്‍ ഇനിയും വൈകരുത്.
ക്രിസ് ഗെയിലിനെ പോലെ കരുത്തോ സച്ചിനെ പോലെ ബാറ്റിംഗ് പാഠവമോ കോഹ്‌ലിക്കില്ല. ഗ്രൌണ്ടിന്റെ ഏത് കോണിലേക്കും ഷോട്ടുകള്‍ പായിക്കാന്‍ അസാധ്യകഴിവുള്ള എബി ഡിവില്ലിയേഴ്‌സിനൊപ്പമോ ഇന്ത്യന്‍ ഉപനായകന്‍
എത്തില്ല. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത ചില അപൂര്‍വ്വതകള്‍ വിരാടില്‍ ഉണ്ടെന്നതാണ് അദ്ദേഹത്തെ തികച്ചും വ്യത്യസ്ഥനാക്കുന്നത്.
മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെ ചെറിയൊരു പതിപ്പാണ് കോഹ്‌ലി. എതിരാളികളെ തുറിച്ചു നോക്കുക, സഹതാരങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുക, സമ്മര്‍ദ്ദമുണ്ടാക്കുന്ന ചെറിയ കമന്റുകള്‍ നടത്തുക തുടങ്ങിയ പ്രത്യേകതകളുള്ള താരമാണ് കോഹ്‌ലിയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവോയും വ്യക്തമാക്കിയിട്ടുണ്ട്. സച്ചിനൊപ്പം മറ്റൊരു താരവും ഇല്ലെങ്കിലും മാസങ്ങളായി കോഹ്‌ലി തുടരുന്ന തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയ്‌ക്കുന്നത്.
കോഹ്‌ലിയുടെ ബാറ്റിംഗിലെ പ്രത്യേകതകള്‍:-
1. ക്രീസില്‍ എത്തിയാല്‍ വളരെ വേഗം താളം കണ്ടെത്തി മത്സരം പിടിച്ചെടുക്കാനുള്ള കഴിവ്.
2. വമ്പന്‍ ടോട്ടലുകള്‍ പിന്തുടരുമ്പോള്‍ പുറത്തെടുക്കുന്ന അസാധ്യ പ്രകടനം.
3. ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധ, പാഡിലേക്ക് വരുന്ന പന്തുകള്‍ ഫീല്‍ഡര്‍ക്ക് ഇടയിലൂടെ ബൌണ്ടറി കടത്താനുള്ള കഴിവ്.
4. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്.
5. മറുവശത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞാലും കളി കൈയിലാണെന്ന് വ്യക്തമാക്കുന്ന ശരീരഭാഷ.
6. ഫീല്‍ഡില്‍ സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ.
7. വലിയ സ്‌കോറുകള്‍ കണ്ടെത്താനും അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാനുമുള്ള കഴിവ്.
8. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള വാക് പ്രയോഗവും ആക്രമണ സ്വഭാവവും.
ട്വന്റി-20ലോകകപ്പിന് പിന്നാലെ ഐപിഎല്ലിലും കോഹ്‌ലി നടത്തുന്ന പ്രകടനമാണ് ലോകമാധ്യമങ്ങളില്‍ അദ്ദേഹത്തെ നിറച്ചത്. ബാംഗ്ലൂരിനായി ആധുനിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സുമൊത്തുള്ള കൂട്ടുകെട്ടുകളാണ് ഈ ഐപിഎലില്‍ കോഹ്‍ലിയുടെ പ്രകടനമികവ് ഉയര്‍ത്തിയത്. ഓരോ മത്സരവും കഴിയുമ്പോഴും അദ്ദേഹത്തിന്റെ പ്രകടനം കുതിച്ചുയരുകയാണ്. ഡിവില്ലിയേഴ്‌സ് നല്‍കുന്ന പിന്തുണയും സപ്പോര്‍ട്ടും മുതലെടുക്കാന്‍ കോഹ്‌ലിക്കായതോടെ റണ്‍ മലകള്‍ താണ്ടുന്നതിന് അദ്ദേഹത്തിന് യാതൊരു തടസവും ഉണ്ടായില്ല.
ഈ സീസണില്‍ ഇതുവരെ കളിച്ച 12 മല്‍സരങ്ങളില്‍ എട്ടിലും കോഹ്‍ലി അര്‍ധസെഞ്ചുറി നേടി. അതില്‍ മൂന്നെണ്ണം സെഞ്ചുറിയിലെത്തി. ഒരു സീസണില്‍ മൂന്നു സെഞ്ചുറി നേടുന്ന ആദ്യ താരവും ക്യാപ്റ്റനും കോഹ്‍ലി തന്നെ. ഈ സീസണില്‍ കോഹ്‍ലിയുടെ സ്‌കോറുകള്‍ ഇങ്ങനെ; 75, 79, 33, 80, പുറത്താകാതെ 100, 14, 52, 108, 20, 7, 109, പുറത്താകാതെ 75!. ഈ കണക്കുകള്‍ മാത്രം മതിയാകും അദ്ദേഹം തുടരുന്ന തകര്‍പ്പന്‍ ഫോമിന്റെ വിലയറിയാന്‍. 83.55 എന്ന തകര്‍പ്പന്‍ ബാറ്റിങ് ശരാശരിയോടെയാണ് കോഹ്‍ലി പുതിയ നേട്ടം സ്വന്തമാക്കിയത്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ, 148.03 ഈ സീസണില്‍ 60 ബൗണ്ടറികളും 28 സിക്‌സുകളും അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്‌റ്റന്‍ എന്ന റെക്കോര്‍ഡും താരം ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.
ഐപിഎല്ലില്‍ ഡിവില്ലിയേഴ്‌സാണ് കോഹ്‌ലിയുടെ ശക്തി. ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ കഴിവുള്ള എബിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഷോട്ട് സെലക്ഷന്‍ കഴിവ് കൈക്കലാക്കാനും കോഹ്‌ലിക്കായി. ബോളര്‍മാരെ കരുത്ത് കൊണ്ട് അടിച്ചൊതുക്കുന്നതാണ് എബിയുടെ രീതിയെങ്കില്‍ ബാറ്റിംഗ് ടെക്‍നിക്കിലെ അപാരമായ കഴിവാണ് കോഹ്‌ലിക്കുള്ളത്. ഈ ഐപിഎലില്‍ കോഹ്‍ലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഡിവില്ലിയേഴ്‌സാണ്.
ദേശിയ ടീമില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത്:-
മഹേന്ദ്ര സിംഗ് ധോണിയുടെ നായകസ്ഥാനത്തിന് ഇളക്കം തട്ടിയതോടെ കോഹ്‌ലി നായകനാകാനുള്ള സാധ്യത കൂടുതലായിരിക്കുകയാണ്. ധോണിയുടെ ഫോമും ഐ പി എല്ലിലെ പരാജയവും അദ്ദേഹത്തിന് തിരിച്ചടിയാകുമ്പോള്‍ കോഹ്‌ലിക്ക് നറുക്ക് വീഴുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം ഇന്ത്യക്കായി കോഹ്‌ലി കളിച്ചത് 13 മല്‍സരങ്ങളാണ്. 12 ഇന്നിംഗ്‌സുകളില്‍ നിന്നായി ഏഴ് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ നേടിയത് 626 റണ്‍സ്. ശരാശരി 125.20. ഇതില്‍ പകുതിയിലേറെ മല്‍സരങ്ങളിലും കോഹ്‍ലിയെ പുറത്താക്കാന്‍ എതിരാളികള്‍ക്കായില്ല എന്നതാണ് അദ്ദേഹത്തിന്റെ കരുത്തിനെ വ്യക്തമാക്കുന്നത്.