അഭിറാം മനോഹർ|
Last Modified വെള്ളി, 19 മെയ് 2023 (14:00 IST)
കായികലോകത്ത് കളിക്കാരുടെ ജേഴ്‌സി നമ്പരുകള്‍ എല്ലാ കാലത്തും പ്രശസ്തമാണ്. വിഖ്യാതരായ പല കളിക്കാരും 10 എന്ന നമ്പറിലൂടെ നമ്മുടെ മനസ്സില്‍ നിലനില്‍ക്കുമ്പോള്‍ പല താരങ്ങളും 10, 7 എന്നീ സ്ഥിരം നമ്പറുകളിലൂടെ അല്ലാതെയും നമുക്ക് പ്രിയങ്കരരാണ്. ഇന്ത്യയുടെ തന്നെ എക്കാലത്തെയും മികച്ച താരമായ വിരാട് കോലിയെ സച്ചിന് ശേഷം 10 എന്ന ജേഴ്‌സി നമ്പറില്‍ കാണാനാകും ആരാധകര്‍ ഇഷ്ടപ്പെടുക. എന്നാല്‍ 18 എന്ന നമ്പറാണ് കോലി ജേഴ്‌സി നമ്പറായി തെരെഞ്ഞെടുത്തത്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.
ഇന്ത്യന്‍ കുപ്പായത്തിലും ആര്‍സിബി ജേഴ്‌സിയും 18 ആണ് കോലിയുടെ ജേഴ്‌സി നമ്പര്‍. ഇതിനുള്ള കാരണം എന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കോലി. അണ്ടര്‍ 19 ലോകകപ്പ് സമയത്താണ് എനിക്ക് 18 എന്ന ജേഴ്‌സി നമ്പര്‍ ലഭിക്കുന്നത്. അന്ന് അതൊരു സാധാരണ നമ്പറായിരുന്നു. എന്നാല്‍ പിന്നീട് ഈ സംഖ്യ എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി. ഞാന്‍ രാജ്യത്തിനായി അരങ്ങേറിയത് ഓഗസ്റ്റ് 18നായിരുന്നു. അത് മാത്രമല്ല ഒരു ഡിസംബര്‍ 18നാണ് എന്റെ അച്ഛന്‍ പ്രേം കോലി മരണപ്പെട്ടത്. ഈ നമ്പരുമായി എനിക്ക് ഒരു കോസ്മിക് കണക്ഷനുണ്ട്. കോലി പറഞ്ഞു.