അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 16 ഡിസംബര്‍ 2019 (14:29 IST)
ഫോമില്ലായ്മയുടെ പേരിൽ ഋഷഭ് പന്തിനോളം പഴികേട്ട യുവതാരം അടുത്തിടെ ഇന്ത്യക്ക് ഉണ്ടായിട്ടില്ല. വിൻഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും ഉള്ള പരമ്പരകളിലെ ബാറ്റിങ് ,കീപ്പിങ് പരാജയം കൂടിയായപ്പോൾ പന്തിനെ വിമർശനങ്ങൾ കൊണ്ട് മൂടുകയായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ ഏറെ കാലത്തിന് ശേഷം തന്റെ വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം.
ചെന്നൈ ചെപ്പോക്കിൽ വിൻഡീസിനെതിരെ നടന്ന മത്സരത്തിൽ 71 റൺസാണ് ഇന്ത്യയുടെ യുവ
വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ നേടിയത്. ക്രിക്കറ്റിൽ നിന്നും വലിയ പാഠം പഠിച്ചുവെന്നാണ് പന്ത് പറയുന്നത്. ടീം ഇന്ത്യക്കായി കളിക്കുമ്പോൾ എല്ലാ ഇന്നിങ്സുകളും നിർണായകമാണ്. യുവതാരം എന്ന നിലയിൽ എല്ലാ മത്സരത്തിലും മികവ് വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. പലപ്പോളും ആ മികവിലെക്ക് എത്താൻ കഴിയാതെ വരുന്നു എന്നാലും ആ മികവിലേക്കെത്താനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ വിജയത്തിനായി റൺസ് കണ്ടെത്താനാണ് ശ്രമിക്കുന്നത് ഇതിലൂടെ എനിക്കും റൺസ് കണ്ടെത്താനാകും. പന്ത് പറയുന്നു.
കുറച്ചെങ്കിലും അന്താരഷ്ട്ര ക്രിക്കറ്റിൽ കളിച്ച പരിചയത്തിൽ എനിക്ക് മനസിലായ ചില കാര്യങ്ങളുണ്ട്. സ്വാഭാവിക ഗെയിം എന്നൊന്ന് അന്താരഷ്ട്ര ക്രിക്കറ്റിലില്ല. അന്താരഷ്ട്ര മത്സരങ്ങളിൽ സാഹചര്യ്ങ്ങൾക്കനുസരിച്ചാണ് കളിക്കേണ്ടത്. എന്താണ് ടീം ആവശ്യപ്പെടുന്നത് അതിനനുസരിച്ച് കളിക്കണം. മൈതാനത്തിന് പുറത്തുനടക്കുന്ന സംഭവങ്ങൾ ചിന്തിക്കേണ്ടെന്നും മികവ് കാട്ടാൻ എന്താണ് ചെയ്യുവാൻ സാധിക്കുന്നത് എന്നത് മാത്രം ചിന്തിച്ചാൽ മതിയെന്നുമാണ് ടീം മനേജ്മെന്റ് തന്നോട് പറഞ്ഞിരുന്നതെന്നും പന്ത് വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ വിൻഡീസിനെതിരെ നേടിയ അർധസെഞ്ച്വറി പ്രകടനത്തിന് ശേഷമുള്ള പന്തിന്റെ ആദ്യ അർധസെഞ്ച്വറിയായിരുന്നു ഇന്നലെ ചെന്നൈയിൽ പിറന്നത്. ഏറെ കാലത്തിന് ശേഷം പന്ത് ഫോം വീണ്ടെടുത്തെങ്കിലും മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.