മുംബൈ|
jibin|
Last Modified വ്യാഴം, 10 ഡിസംബര്‍ 2015 (12:48 IST)
ഇന്ത്യ- പാകിസ്ഥാന്‍
ക്രിക്കറ്റ് പരമ്പര നടക്കാന്‍ നിലവില്‍ സാഹചര്യമൊന്നുമില്ലെന്ന്
ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. പാക് വെടിവെപ്പില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ കൊല്ലപ്പെടുകയാണ്. പാകിസ്ഥാന്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ തീരുമാനം എടുക്കാത്ത കാലത്തോളം
ടീം ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്രഹിച്ചാല്‍ പോലും ഇത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് ബന്ധം ആവശ്യമാണെന്ന് പറഞ്ഞതിന്റെ അഞ്ചാം നാളിലാണ് ഠാക്കൂര്‍ നിലപാട് മാറ്റിയത്. അതേസമയം, ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്‍ വ്യക്തമാക്കുകയും ചെയ്‌തു. ശ്രീലങ്കയില്‍ പരമ്പര നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരമ്പര നടക്കില്ല. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനിലെത്തിയെങ്കിലും വിഷയത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സാധിക്കാതെ പോയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.
ഞങ്ങള്‍ക്കു കളിക്കണം, എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ക്രിയാത്മകമായി പ്രതികരിക്കുന്നില്ല. പരമ്പര നടത്താന്‍ ഏറെ വൈകി, ഇനി തങ്ങളുടെ പക്കല്‍ സമയമില്ല. ക്രിക്കറ്റ് പരമ്പര തുടങ്ങാനുള്ള സാധ്യത ഇല്ല എന്നു പറയുന്നതാകും ഉചിതം. പരമ്പര നടക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായെന്നും ഷെഹര്യാര്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടക്കുമെന്നായിരുന്നു സൂചന. മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി-20 മത്സരങ്ങളും അടങ്ങിയ പരമ്പരയ്ക്കാണ് ഇരു ബോര്‍ഡുകളും ശ്രമിച്ചത്.