വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡല്ല, ബിസിസിഐ ആണ് ഞങ്ങളുടെ കരുത്ത്: ബ്രാവോ

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് ബ്രാവോ

ഡെയ്ന്‍ ബ്രാവോ , വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് , ലോകകപ്പ് , ബ്രാവോ
കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (14:11 IST)
ക്യാപ്‌റ്റന്‍ ഡാരന്‍ സമിക്ക് പിന്നാലെ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്തി ഡെയ്ന്‍ ബ്രാവോ രംഗത്ത്. ലോകകപ്പിന് മുമ്പും ഇന്ത്യയില്‍ എത്തിയപ്പോഴും പിന്തുണ നല്‍കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ബ്രാവോ വ്യക്തമാക്കി.

ട്വന്റി- 20 ലോകകപ്പ് നേടിയതിന് ശേഷം ഇതുവരെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരില്‍ ആരും ടീമിലെ ആരെയും വിളിച്ചിട്ടില്ല. ടീമിന്റെ നേട്ടത്തില്‍ സന്തോഷം പറയാനോ അഭിനന്ദിക്കാനോ ബോര്‍ഡിലെ ഒരു പ്രതിനിധിയും തയാറായിട്ടില്ല. ഇതൊരു നല്ലൊരു സമീപനമല്ലെന്നും രാജ്യത്തിന്റെ ക്രിക്കറ്റ് കടിഞ്ഞാണ്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലല്ല എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം സമീപനമെന്നും ബ്രാവോ പറഞ്ഞു.

ലോകകപ്പില്‍ ടീം കിരീടം നേടണമെന്നോ, കളിക്കണമെന്നോ വിന്‍ഡീസ് ബോര്‍ഡിന് താത്പര്യമുണ്ടായിരുന്നില്ല. താരങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതു കൊണ്ട് തന്നെയാണ് ഈയൊരു അവഗണന. അവരേക്കാള്‍ ബിസിസിഐ അധികൃതരാണ് തങ്ങളെ പിന്തുണച്ചത് ബ്രാവോ പറഞ്ഞു.

ഒരു ജേഴ്‌സി പോലുമില്ലാതെയാണ് ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ വെസ്‌റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയിലെത്തിയതെന്ന് സമി പറഞ്ഞിരുന്നു. ലോകകപ്പിന് മുന്നോടിയായി ദുബായിൽ ടീം നടത്തിയ ക്യാംപിലും പരിശീലനത്തിലും ഒരു ജേഴ്‌സി പോലും ഇല്ലായിരുന്നുവെന്നും ഈ കാരണങ്ങളില്‍ ക്രിക്കറ്റ് ബോര്‍ഡുമായി കലഹിക്കേണ്ടിവന്നുവെന്നും സമി വ്യക്തമാക്കിയിരുന്നു.

സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോർഡ് പോലും ഞങ്ങളെ വകവച്ചില്ല. ഫോണില്‍ വിളിക്കാനോ മെയില്‍ അയക്കാനോ ബോര്‍ഡ് മനസ് കാണിച്ചില്ല. ഇനി എന്നാണ് ഒരുമിച്ച് കളിക്കാന്‍ സാധിക്കുക എന്ന് അറിയില്ല. ചിലപ്പോള്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :