ഞങ്ങള്‍ക്ക് ജേഴ്‌സി പോലുമില്ലായിരുന്നു; ഇനി ഒരുമിച്ച് കളിക്കാന്‍ കഴിയുമോ എന്ന് അറിയില്ല- സമിയുടെ കണ്ണീരണിഞ്ഞ പ്രസംഗം

വിജയത്തില്‍ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് നന്ദി അര്‍ഹിക്കുന്നു- സമി

 ട്വന്റി-20 ലോകകപ്പ് , വെസ്‌റ്റ് ഇന്‍ഡീസ് ടീം , ഡാരന്‍ സമി , ക്രിക്കറ്റ് , ലോകകപ്പ്
കോല്‍ക്കത്ത| jibin| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2016 (15:05 IST)
ഒരു ജേഴ്‌സി പോലുമില്ലാതെയാണ് ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ വെസ്‌റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയിലെത്തിയതെന്ന് ക്യാപ്‌റ്റന്‍ ഡാരന്‍ സമി. ലോകകപ്പ് കളിക്കാന്‍ വരുമ്പോള്‍ ഞങ്ങള്‍ വിഷമത്തിലായിരുന്നു. ബുദ്ധിയില്ലാത്തവരുടെ ടീമെന്നാണ് കമന്റേറ്ററായ മാർക്ക് നിക്കോളാസ് ഞങ്ങളുടെ ടീമിനെ വിശേഷിപ്പിച്ചത്. ടീമിന്റെ വിജയത്തില്‍ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് നന്ദി അര്‍ഹിക്കുന്നതായും മത്സരശേഷം സമി വ്യക്തമാക്കി.

വിന്‍ഡീസിന്റെ ജയത്തിന് ദൈവത്തിന് നന്ദിയുണ്ട്. ഒരു താരത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാത്ത പതിനഞ്ച് പേരിലും മാച്ച് വിന്നർമാര്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ലോകകപ്പ് ജയം ദീർഘകാലം ഓർമയിൽ സൂക്ഷിക്കുമെങ്കിലും പ്രശ്നങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ലോകകപ്പിന് മുമ്പ് ഞങ്ങൾക്ക് നേരിടാനുണ്ടായിരുന്നത്. ക്രിക്കറ്റ് ബോര്‍ഡുമായി കലഹിക്കേണ്ടിവന്നുവെന്നും സമി പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി ദുബായിൽ ടീം നടത്തിയ ക്യാംപിലും പരിശീലനത്തിലും ഒരു ജേഴ്‌സി പോലും ഇല്ലായിരുന്നു. സാഹചര്യം മനസിലാക്കി കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്ന ടീമിന്റെ പുതിയ മാനേജര്‍ റൗൾ ലെവിസാണ് ജേഴ്‌സി പ്രശ്‌നം പരിഹരിക്കുകയും തങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്‌തു തരുകയും ചെയ്‌തതെന്നു അദ്ദേഹം പറഞ്ഞു.

സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോർഡ് പോലും ഞങ്ങളെ വകവച്ചില്ല. ഫോണില്‍ വിളിക്കാനോ മെയില്‍ അയക്കാനോ ബോര്‍ഡ് മനസ് കാണിച്ചില്ല. ബുദ്ധിയില്ലാത്തവരുടെ ടീമെന്നാണ് കമന്റേറ്ററായ മാർക്ക് നിക്കോളാസ് ഞങ്ങളുടെ ടീമിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ഞങ്ങളുടെ പക്കൽ എന്തുണ്ട് എന്ന വ്യക്തമായ ധാരണയോടെയാണ്ഞങ്ങൾ ലോകകപ്പിനെത്തിയതെന്നും സമി പറഞ്ഞു. ഇനി എന്നാണ് ഒരുമിച്ച് കളിക്കാന്‍ സാധിക്കുക എന്ന് അറിയില്ല. ചിലപ്പോള്‍ കളിക്കാന്‍ സാധിച്ചേക്കില്ല. ടെസ്‌റ്റിലും ഏകദിനത്തിലും ഈ മികവ് ആവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

ജയത്തിന് എല്ലാവരോടും നന്ദി പറയുന്നു. ടീമിലെ അംഗങ്ങളോടും മുഖ്യപരിശീലകൻ ഫിൽ സിമ്മൺസിനോടും മറ്റു പരിശീലകരോടും നന്ദി പറയുന്നു. ഫിൽ സിമ്മൺസിന്റെ സേവനം വളരെ മികച്ചതായിരുന്നു. പ്രധാനമന്ത്രി മിച്ചൽ ചെയ്യാൻ ശ്രമിക്കുന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം ഇന്നു രാവിലെ വളരെ പ്രചോദനകരമായ ഒരു സന്ദേശം അയച്ചിരുന്നു, അതിനും നന്ദിയുണ്ടെന്ന് സമി പറഞ്ഞു.

കലാശപോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് വിന്‍ഡീസ് കിരീടം സ്വന്തമാക്കിയത്. മര്‍ലോണ്‍ സാമുവേല്‍സിന്റെ പോരാട്ട വീര്യമാണ് വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :