ഈ താരങ്ങളുടെ മോശം പെര്‍ഫോമന്‍സ് ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാകും ! ആശങ്കയില്‍ ആരാധകര്‍

ഐപിഎല്ലില്‍ ഡെത്ത് ബൗളിങ്ങില്‍ തിളങ്ങിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഡെത്ത് ബൗളര്‍ എന്ന നിലയിലാണ് ഹര്‍ഷല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതും

രേണുക വേണു| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (10:10 IST)

ട്വന്റി 20 ലോകകപ്പില്‍ ചില താരങ്ങളുടെ മോശം ഫോം ഇന്ത്യക്ക് വലിയ തിരിച്ചടിയായേക്കും. ഈ താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കും. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1. ഹര്‍ഷല്‍ പട്ടേല്‍

ഐപിഎല്ലില്‍ ഡെത്ത് ബൗളിങ്ങില്‍ തിളങ്ങിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഡെത്ത് ബൗളര്‍ എന്ന നിലയിലാണ് ഹര്‍ഷല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതും. എന്നാല്‍ ഹര്‍ഷലിന്റെ നിലവിലെ പ്രകടനം വളരെ മോശമാണ്. പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുകയാണ് താരം. ഉയര്‍ന്ന ഇക്കോണമിയിലാണ് താരം പന്തെറിയുന്നത്.

2. യുസ്വേന്ദ്ര ചഹല്‍

ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് യുസ്വേന്ദ്ര ചഹല്‍. സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ചഹല്‍ നടത്തുന്നത്. ഓസീസ് പിച്ചുകളില്‍ ചഹലിന് സ്പിന്‍ മാന്ത്രികത തുടരാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും.

3. കെ.എല്‍.രാഹുല്‍

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന ശൈലിയിലേക്ക് കെ.എല്‍.രാഹുല്‍ മാറിയില്ലെങ്കില്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകും. രോഹിത് ശര്‍മയ്ക്ക് രാഹുലിന്റെ സമീപനത്തില്‍ അതൃപ്തിയുണ്ട്. രാഹുല്‍ ശൈലി മാറ്റിയില്ലെങ്കില്‍ പവര്‍പ്ലേയില്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് വിചാരിച്ച പോലെ ഉയരില്ലെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.

4. റിഷഭ് പന്ത്

ടി 20 ക്രിക്കറ്റില്‍ ഇടംകയ്യന്‍ ബാറ്ററെന്ന ആനുകൂല്യം മുതലെടുക്കാന്‍ റിഷഭ് പന്തിന് സാധിക്കുന്നില്ല. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററാകുകയാണ് പന്തിന് നല്‍കിയിരിക്കുന്ന ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റാന്‍ പന്തിന് സാധിച്ചില്ലെങ്കില്‍ അത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങളെ വെള്ളത്തിലാക്കും.

5. വിരാട് കോലി

മധ്യ ഓവറുകളില്‍ വേണ്ട പോലെ സ്‌കോര്‍ ചെയ്യാന്‍ കോലിക്ക് സാധിക്കുന്നില്ല. സ്‌ട്രൈക്ക് റേറ്റ് താഴാതെ ബാറ്റ് ചെയ്യാന്‍ കോലിക്ക് സാധിച്ചാല്‍ മാത്രമേ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യൂ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :