'ഇതാണ് നീ ലോകകപ്പിലും ചെയ്യേണ്ടത്'; സന്തോഷത്താല്‍ തുള്ളിച്ചാടി രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്കിന്റെ ഫിനിഷിങ് മികവില്‍ പൂര്‍ണ തൃപ്തി

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു ഒന്‍പത് റണ്‍സായിരുന്നു

രേണുക വേണു| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (08:46 IST)

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഡബിള്‍ ഹാപ്പിയാണ്. താന്‍ ഫോമിലേക്ക് തിരിച്ചെത്തി എന്നതിനൊപ്പം രോഹിത്തിനെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ് ലോകകപ്പില്‍ ഫിനിഷര്‍ റോള്‍ വഹിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ദിനേശ് കാര്‍ത്തിക്കിന്റെ ഫോം വീണ്ടെടുക്കല്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് നേരിട്ട ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറും അടിച്ച് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയായിരുന്നു കാര്‍ത്തിക്കിന്റെ ഫിനിഷിങ്. രണ്ട് പന്തില്‍ 10 റണ്‍സെടുത്ത് കാര്‍ത്തിക്ക് പുറത്താകാതെ നിന്നു. കാര്‍ത്തിക്ക് വിജയറണ്‍ കുറിക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ രോഹിത് ശര്‍മയുണ്ടായിരുന്നു.

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു ഒന്‍പത് റണ്‍സായിരുന്നു. അപ്പോഴാണ് തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ അടിച്ച് കാര്‍ത്തിക്ക് തന്റെ തനതുശൈലിയില്‍ ഫിനിഷ് ചെയ്തത്. കാര്‍ത്തിക്ക് ഇതേ ശൈലി തുടരണമെന്നാണ് നായകന്‍ രോഹിത് ശര്‍മയുടെ അഭിപ്രായം.
സന്തോഷത്താല്‍ തുള്ളിച്ചാടി നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന് ഓടിവന്ന് ദിനേശ് കാര്‍ത്തിക്കിനെ കെട്ടിപ്പിടിക്കുകയായിരുന്നു രോഹിത് ശര്‍മ. നീ ഇത് തന്നെയാണ് ലോകകപ്പിലും ചെയ്യേണ്ടത് എന്നാണ് രോഹിത്തിന് ദിനേശ് കാര്‍ത്തിക്കിനോട് പറയാനുള്ളത്. ആരെയും കൂസാതെ ഏത് സമയത്തും ആക്രമിച്ച് കളിക്കുകയെന്ന ഉത്തരവാദിത്തമാണ് ദിനേശ് കാര്‍ത്തിക്കിന് ലോകകപ്പില്‍ നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :