T 20 World Cup, Practice Match, India vs Western Australia XI Score Card: ഉദിച്ചുയര്‍ന്ന് സൂര്യ, തീ തുപ്പി അര്‍ഷ്ദീപ്; ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ജയം

59 റണ്‍സ് നേടിയ വെസ്‌റ്റേണ്‍ ഓസീസ് താരം സാം ഫാനിങ്ങിന്റെ ഇന്നിങ്‌സ് പാഴായി

രേണുക വേണു| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:54 IST)

T 20 World Cup, Practice Match, India vs Western Australia XI Score Card: ട്വന്റി 20 ലോകകപ്പിനു മുന്നോടിയായ ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ജയം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെ 13 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 145 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

59 റണ്‍സ് നേടിയ വെസ്‌റ്റേണ്‍ ഓസീസ് താരം സാം ഫാനിങ്ങിന്റെ ഇന്നിങ്‌സ് പാഴായി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബുവനേശ്വര്‍ കുമാര്‍ രണ്ടും ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

രോഹിത് ശര്‍മയും റിഷഭ് പന്തുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മൂന്ന് റണ്‍സെടുത്ത് രോഹിത് പുറത്തായി. ഓസ്ട്രേലിയന്‍ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ നന്നായി പ്രയാസപ്പെട്ട റിഷഭ് പന്ത് 17 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് മടങ്ങി. ദീപക് ഹൂഡ 14 പന്തില്‍ 22 റണ്‍സ് നേടി.

സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ രക്ഷകനായത്. സൂര്യകുമാര്‍ 52 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ 27 റണ്‍സും ദിനേശ് കാര്‍ത്തിക്ക് 19 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മൂന്ന് സിക്സ് സഹിതമാണ് സൂര്യകുമാറിന്റെ അര്‍ധ സെഞ്ചുറി.

ജേസന്‍ ബെഹ്റന്ദോഫ്, മാത്യു കെല്ലി എന്നിവര്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ നേടി. ആന്‍ഡ്രു ടൈ ഒരു വിക്കറ്റ് സ്വന്തമാക്കി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :