ടി 20 ലോകകപ്പ്: ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ

രേണുക വേണു| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (08:56 IST)

ടി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയുടെ എല്ലാ സാധ്യതകളും അസ്തമിച്ചിട്ടില്ല. നവംബര്‍ മൂന്നിന് അഫ്ഗാനിസ്ഥാനെതിരെയും നവംബര്‍ അഞ്ചിന് സ്‌കോട്ട്‌ലന്‍ഡിനെതിരെയും നവംബര്‍ എട്ടിന് നമീബിയക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. ഈ മൂന്ന് കളികളിലും ഉയര്‍ന്ന റണ്‍റേറ്റില്‍ ഇന്ത്യ ജയിക്കണം. മൂന്ന് കളികളില്‍ ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ആറാകും.

ന്യൂസിലന്‍ഡിനോ അഫ്ഗാനിസ്ഥാനോ ആറ് പോയിന്റില്‍ കൂടരുത്. നിലവില്‍ ന്യൂസിലന്‍ഡിന് രണ്ട് കളികളില്‍ നിന്ന് രണ്ട് പോയിന്റ് ആയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ന്യൂസിലന്‍ഡിന്റെ അടുത്ത മത്സരങ്ങള്‍. ഇതില്‍ നമീബിയ, സ്‌കോട്ട്‌ലന്‍ഡ് ടീമുകളെ ന്യൂസിലന്‍ഡ് തോല്‍പ്പിക്കുമെന്ന് ആരാധകര്‍ കരുതുന്നു. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ vs ന്യൂസിലന്‍ഡ് മത്സരം നിര്‍ണായകമാകും. നവംബര്‍ ഏഴിനാണ് ഈ മത്സരം നടക്കേണ്ടത്. ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യക്കെതിരെയും മാത്രമാണ് അഫ്ഗാനിസ്ഥാന് ഇനി കളിക്കാനുള്ളത്. നിലവില്‍ അഫ്ഗാനിസ്ഥാന് നാല് പോയിന്റുണ്ട്. ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയും ന്യൂസിലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്ക് ആറ് പോയിന്റ് ആകും. അങ്ങനെ വന്നാല്‍ ഈ മൂന്ന് ടീമുകളില്‍ നെറ്റ് റണ്‍റേറ്റ് കൂടുതലുള്ള ടീം സെമി ഫൈനലിലേക്ക് പ്രവേശിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :