അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (18:56 IST)
ടി20 ടീമില്‍ സഞ്ജു സാംസണെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയ നടപടിയില്‍ വിശദീകരണവുമായി ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം.
ടി20യില്‍ ഓപ്പണര്‍മാര്‍ക്കല്ലാതെ മറ്റ് ബാറ്റര്‍മാര്‍ക്ക് നിശ്ചിത സ്ഥാനമില്ലെന്നാണ് പത്രസമ്മേളനത്തിലുടനീളം സൂര്യ പറഞ്ഞത്. സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പറ്റി സൂര്യയുടെ പ്രതികരണം ഇങ്ങനെ. സഞ്ജുവിന് മുന്‍പ് ശ്രീലങ്കന്‍ പരമ്പരയില്‍ ശുഭ്മാനാണ് ഓപ്പണറായി കളിച്ചത്. ഗില്ലിന് പകരക്കാരനായി സഞ്ജു ടീമിലെത്തിയപ്പോള്‍ സഞ്ജു മികച്ച പ്രകടനം ടോപ് ഓര്‍ഡറില്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഗില്‍ തിരികെ വന്നപ്പോള്‍ ആ സ്ഥാനം നല്‍കേണ്ടതായി വന്നു. ഇപ്പോള്‍ ഓപ്പണര്‍മാര്‍ക്കൊഴികെ ആര്‍ക്കും ടീമില്‍ കൃത്യമായ സ്ഥാനമില്ല. എല്ലാവരും ഏത് സ്ഥാനത്തും കളിക്കാന്‍ തയ്യാറായിരിക്കണം.
സഞ്ജുവിന് ഞങ്ങള്‍ ധാരാളം അവസരങ്ങള്‍ നല്‍കിയിരുന്നു. അവന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണ്. സഞ്ജുവിനെയും ഗില്ലിനെയും പോലുള്ള കളിക്കാര്‍ ടീമിന്റെ ഭാഗമാകുന്നത് സന്തോഷകരമാണ്. ഒരാള്‍ക്ക് ഓപ്പണ്‍ ചെയ്യാം മറ്റൊരാള്‍ക്ക് ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെ കളിക്കാം.അത് ടീമിന് മുതല്‍ക്കൂട്ടാണ്. സൂര്യ പറഞ്ഞു. സഞ്ജു ഇപ്പോഴും ടീമിന്റെ ഭാഗമാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.